ആഘോഷങ്ങളും ആർപ്പുവിളികളും നടക്കട്ടെ; ഇന്നലത്തെ വിധിയോടെ ഒന്നും തീർന്നിട്ടില്ല, ഇനിയാണ് കേസ് തുടങ്ങുന്നത്
ഒരു ക്രിമിനൽ കേസിലെ ഗൂഢാലോചന തെളിയിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള, വെല്ലുവിളികൾ നിറഞ്ഞ, ഒരു കാര്യമാണ്. ഇന്നത്തെ തലമുറയിൽ സാമാന്യ ബോധം ഉള്ള ആളുകൾക്ക് ഒക്കെ, ഒരു കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ, അതിന്റെ പുറകെ അന്വേഷണം വരുമെന്നും, ഏതൊക്കെ തരത്തിൽ അത് നീങ്ങുമെന്നും ഒക്കെ അറിയാം. അതുകൊണ്ട് തന്നെ തങ്ങൾക്ക് എതിരെയുള്ള പരമാവധി തെളിവുകൾ ഒഴിവാക്കാൻ തന്നെയാകും കുറ്റവാളികൾ ആദ്യം ശ്രമിക്കുന്നത്.
അങ്ങനെയുള്ള സാഹചര്യത്തിൽ വൈകി തുടങ്ങുന്ന ഒരു അന്വേഷണം കൂടിയാകുമ്പോൾ, തെളിവുകളും ദുര്ബലമായിരിക്കും. ദുർബലമായ തെളിവുകൾ വച്ച് പ്രതി ശിക്ഷിക്കപ്പെടും എന്ന് ഉറപ്പിക്കാൻ പറ്റില്ല. ആ കേസ് കേൾക്കുന്ന ജഡ്ജിയുടെ വിവേചന അധികാരം പോലെ അതിന്റെ ഫലവും ഉണ്ടാകും.
എന്നാൽ മേൽക്കോടതികളിൽ അപ്പീൽ പോയാൽ മറിച്ചൊരു വിധി ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. പലപ്പോളും ഇങ്ങനെ വിചാരണ കോടതികൾ ഒഴിവാക്കിയ പ്രതികൾക്ക് മുകളിലുള്ള കോടതികളിൽ നിന്നും ശിക്ഷ ലഭിച്ച കേസുകൾ നിരവധിയാണ്. അതുകൊണ്ട് നടിയെ ആക്രമിച്ച കേസ് അവസാനിച്ചിട്ടില്ല. അത് ഇനിയാണ് തുടങ്ങുന്നത്.
ഇപ്പോൾ വന്ന വിധി കൊണ്ടൊന്നും ആ സിനിമാനടനെ യുക്തിബോധമുള്ള ആരും ആഘോഷിക്കാൻ പോകുന്നില്ല. ഇപ്പോൾ അയാൾക്ക് വേണ്ടി ആർപ്പ് വിളിക്കുന്നവർ, കേക്ക് മുറിക്കുന്നവർ, ലഡ്ഡു വിളമ്പുന്നവർ ഒക്കെ നേരത്തെയും അയാൾക്കൊപ്പമായിരുന്നു. ജയ്വിളികളും ആർപ്പ് വിളികളും പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു എന്ന് മാത്രം.
ഇനി പഴയ ജനപ്രിയനാടൻ മലയാള സിനിമാലോകം അടക്കി വാഴും എന്നാണ് ഇന്നലെ മുതൽ കേൾക്കുന്ന ഒരു രോദനം. അത് ചിലപ്പോൾ പഴയ ആന്ധ്രയിലോ തമിഴ്നാട്ടിലോ ഒക്കെ നടന്ന് കാണും. ഇവിടെ അതിന് സാധ്യത കുറവാണ്.
ഈ പറഞ്ഞ ദിലീപ് ടീവി ചാനലിൽ പ്രോഗ്രാമിന് വരുന്നുണ്ട് എന്ന കാര്യം അറിഞ്ഞിട്ട്, അയാളുടെ ഒപ്പം ആ പരിപാടി ചെയ്യില്ലെന്ന് തീരുമാനിച്ചവർ ഈ നാട്ടിലുണ്ട്. അയാളുടെ സിനിമയിലേക്ക് ചാൻസുമായി ക്ഷണിച്ചപ്പോൾ, അത് വേണ്ടെന്നു വെച്ച പല നടന്മാരും നടികളും ഇവിടെയുണ്ട്.
ഒരു കമ്പനിയുടെ ഒഫീഷ്യൽ പരിപാടി ആയിരുന്നിട്ട് കൂടി, അത് നടക്കുന്നത് ഇയാളുടെ ഹോട്ടലിലാണ് എന്നറിഞ്ഞപ്പോൾ, അവസാന നിമിഷം അത് മാറ്റിവെക്കാൻ മുന്നിട്ട് ഇറങ്ങിയവരും ഇവിടെ തന്നെയുണ്ട്.
ഈ പറഞ്ഞ ആളുകളിൽ പലരും അതിജീവിതയെ അറിയുന്നവർ പോയിട്ട്, അവരെ നേരിൽ കണ്ടിട്ടുള്ളവർ പോലുമല്ല. അവരോട് ഒരു നിലക്കും ബന്ധമുള്ള ആളുകളുമല്ല. ആ നിലപാട് മാറ്റാൻ മാത്രം ശക്തിയുള്ളതോ അല്ലെങ്കിൽ യുക്തിയുള്ളതോ ആയ ഒന്നല്ല ഇന്നലെ വന്ന വിധിന്യായം.
ഒരു കാര്യം ഉറപ്പിച്ച് പറയാം. നമ്മുടെ കേരളം ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പി.ആർ വർക്ക് ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ഇലക്ഷൻ സമയത്ത് നടത്തുന്നതോ, അല്ലെങ്കിൽ റിയാലിറ്റി ഷോകളിൽ നടത്തുന്നതോ അല്ല.
അത് ഈ കൊട്ടേഷൻ ബലാൽസംഗ കേസിലാണ് നടന്നിട്ടുള്ളത്.ലോക കുറ്റകൃത്യ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ സംഭവമാണ് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ കൊടുക്കുക എന്നത്. പ്രതിസ്ഥാനത്ത് നിന്നുകൊണ്ട് കാശുകൊടുത്ത് എന്തും വിലയ്ക്കു വാങ്ങാമെന്ന ധാരണയുള്ള ഒരാൾ.
അയാൾക്കെതിരെ ഇതുവരെ സധൈര്യം പോരാടിയ അതിജീവിത ശക്തയാണ് എന്ന് തന്നെ പറയേണ്ടി വരും. അവർ പറഞ്ഞ ഒരു കാര്യമുണ്ട് – നമ്മുടെ ഓരോരുത്തരുടെയും ലൈഫിൽ ഇങ്ങനെ ഓരോ എക്സ്പീരിയൻസ് വരുമ്പോൾ നമ്മൾ തനിയെ ഇതൊക്കെ പഠിക്കുന്നതാണ്. കാരണം എനിക്ക് വേണ്ടി ഞാൻ തന്നെ ഫൈറ്റ് ചെയ്തേ പറ്റു.. അല്ലാതെ ഞാൻ ഇനി കോടതിയിൽ പോകില്ല, എനിക്ക് പകരം നിങ്ങൾ പൊയ്ക്കൊളു എന്നെനിക്ക് പറയാൻ പറ്റില്ല.”
അതുകൊണ്ട് ഉറപ്പിച്ച് പറയാം, അവർ ഇനിയും നീതി ലഭിക്കാൻ കോടതികളിൽ പോകും. സമ്പൂർണ്ണമായ ഒരു നീതിക്കായി നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠത്തിൻറെ മുന്നിലും അവർ എത്തും. അന്നും പ്രതിക്കൂട്ടിൽ ഇപ്പോളുള്ളവർ തന്നെ ഉണ്ടാകും. ഒടുവിൽ സത്യം വിജയിക്കുക തന്നെ ചെയ്യും.













