14 വയസുകാരിയായ മകളെ മുന്നിലിട്ട് പീഡിപ്പിക്കുമെന്ന് വന്നതോടെ ഫൗസിയ നമ്ബി നാരായണന്റെ പേര് പറഞ്ഞു
കനല് എരിഞ്ഞുകൊണ്ടിരിക്കുന്ന വലിയ ചാരക്കൂമ്ബാരമായി ഐ.എസ്.ആർ.ഒ ചാരക്കേസ് ഇന്നും നീറിപ്പുകയുകയാണ്. മുപ്പതു വർഷമായിട്ടും പുകയുന്ന ചാരക്കേസ് പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും (ഐ.ബി) ഉന്നതർക്ക് കുരുക്കാവുകയാണ്.
ചാരക്കേസ് ഗൂഢാലോചനക്കേസില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയതോടെ, ആദ്യ അന്വേഷണം നടത്തിയ ഉന്നത ഉദ്യോഗസ്ഥർ കുരുക്കിലായിട്ടുണ്ട്. പൊലീസുദ്യോഗസ്ഥരായ പ്രതികള്‍ വ്യാജ തെളിവുണ്ടാക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നും സി. ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ചാരക്കേസ് കെട്ടുകഥയാണെന്നും നമ്ബി നാരായണൻ നിരപരാധിയാണെന്നും 1996ല്‍ കണ്ടെത്തിയതും സി.ബി.ഐയായിരുന്നു.സ്പെഷ്യല്‍ ബ്രാഞ്ച് മുൻ സർക്കിള്‍ ഇൻസ്പെക്ടറായ എസ്.
വിജയൻ, മുൻ ഡി.ജി.പി സിബി മാത്യൂസ്, ഗുജറാത്ത് മുൻ ഡി.ജി.പിയും ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ.ബി. ശ്രീകുമാർ, പൊലീസുദ്യോഗസ്ഥനായ കെ. കെ.ജോഷ്വാ, ഐ. ബി.
മുൻ ഇൻസ്പെക്ടർ പി. എസ്. ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. വ്യാജതെളിവും രേഖകളും ഉണ്ടാക്കാൻ അന്യായമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് വ്യാജ തെളിവ് ഉണ്ടാക്കല്‍, കേസിനായി വ്യാജ രേഖകള്‍ ഉണ്ടാക്കല്‍, കഠിനമായ ദേഹോപദ്രം ഏല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞ് വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.
ഇതില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമാണ് ജാമ്യമില്ലാ കുറ്റം. എഫ്.ഐ.ആറില്‍ 18പേരായിരുന്നു പ്രതികള്‍. 5പേർക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്.മാലെദ്വപുകാരായ മറിയം റഷീദയെയും ഫൗസിയ ഹസനെയും മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും നമ്ബി നാരായണന്റെ പേരുപറയിച്ചാണ് ചാരക്കേസെന്ന കെട്ടുകഥയുണ്ടാക്കിയതെന്നാണ് സി.ബി.ഐ നേരത്തേ കണ്ടെത്തിയത്. ഐ.ബി ജോയിന്റ് ഡയറക്ടറായിരുന്ന ആർ.ബി.ശ്രീകുമാർ കസേരയെടുത്ത് കാലില്‍ അടിച്ച്, പീഡിപ്പിച്ചാണ് നമ്ബി നാരായണന്റെയും രമണ്‍ ശ്രീവാസ്തവയുടെയും പേരുകള്‍ പറയിച്ചതെന്നാണ് മറിയം റഷീദയുടെ വെളിപ്പെടുത്തല്‍.
സിബി മാത്യൂസ്, എസ്. വിജയൻ എന്നിവർ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നുള്ള റഷീദയുടെ മൊഴിയും സി.ബി.ഐ അന്വേഷിച്ചിരുന്നു. നമ്ബി നാരായണന്റെ പേര് പേപ്പറില്‍ എഴുതിക്കാണിച്ച് വായിപ്പിച്ച് കുറ്റസമ്മതം റെക്കാഡ് ചെയ്തെന്ന് മറിയം റഷീദയും അന്ന് പതിന്നാലു വയസുണ്ടായിരുന്ന മകള്‍ ജിലയെ കണ്മുന്നിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ഫൗസിയയും വെളിപ്പെടുത്തിയിട്ടുണ്ട്. ചാരവൃത്തിക്കായി 25,000 ഡോളർ കിട്ടിയെന്ന കള്ളമൊഴിയും സി.ബി.ഐ അന്വേഷിച്ചിട്ടുണ്ട്.ക്രയോജനിക് സാങ്കേതികവിദ്യയുടെ ഭാഗമായ ലിക്വിഡ് പ്രൊപ്പല്‍ഷൻ വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു നമ്ബി നാരായണൻ.
ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്നാണ് ആദ്യ എഫ്.ഐ.ആറിലുണ്ടായിരുന്നത്. 1994 ലാണ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്തത്. ക്രയോജനിക് പ്രോജക്റ്റ് ഡയറക്ടറായ നമ്ബി നാരായണനെ അടക്കം പ്രതികളാക്കി കേസെടുത്തു. 2018ല്‍ നമ്ബി നാരായണൻ സുപ്രീം കോടതിയില്‍ നല്കിയ കേസില്‍ 2021 ഏപ്രില്‍ 15 നാണ് നമ്ബിനാരായണന് അനുകൂലമായ വിധി ഉണ്ടായി.
സുപ്രീംകോടതി നിർദ്ദേശപ്രകാരം നിയമിതമായ ജസ്റ്റീസ് ജെയിൻ കമ്മിഷനാണ് ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ശുപാർശ ചെയ്തത്. സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്ന് സി. ബി.ഐ ഡല്‍ഹി യൂണിറ്റിലെ പ്രത്യേക സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.ഇന്ത്യയ്ക്ക് ഇല്ലാതിരുന്ന ക്രയോജനിക്സ് റോക്കറ്ര് എൻജിൻ സാങ്കേതികവിദ്യ 400കോടിരൂപയ്ക്ക് ചോർത്തിക്കൊടുത്തെന്ന് കേസെടുക്കാനുള്ള സാഹചര്യമെന്തായിരുന്നു എന്നാണ് സി.ബി.ഐ അന്വേഷിച്ചത്. ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാനും വികാസ് എൻജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്.1994ല്‍ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതികവിദ്യയില്ല. 1977ല്‍ ഫ്രാൻസില്‍ നിന്ന് ഇന്ത്യ വികാസ് എൻജിൻ സാങ്കേതികവിദ്യ നേടുംമുൻപേ റഷ്യക്ക് ഇത് സ്വന്തമായുണ്ട്. ഇതുചൂണ്ടിക്കാട്ടിയാണ് അടിസ്ഥാനമില്ലാത്തതും കേരളാപൊലീസിന്റെ വിചിത്രഭാവനയുമാണ് ചാരക്കേസെന്ന് സുപ്രീംകോടതി വിലയിരുത്തിയത്.അന്ന് ഇന്ത്യയ്ക്ക് ഇല്ലാതിരുന്ന ക്രയോജനിക്സ് റോക്കറ്ര് എൻജിൻ സാങ്കേതികവിദ്യ 400കോടിരൂപയ്ക്ക് ചോർത്തിക്കൊടുത്തെന്ന് കേട്ടപാടേ അറസ്റ്റും കേസുമായി ഇറങ്ങിയ പൊലീസിലെ ഉന്നതരാണ് കുരുക്കിലായത്.എല്ലാം ഒരു തോന്നലോമാലെദ്വീപുകാർ വഴി ബഹിരാകാശ രഹസ്യങ്ങള്‍ ചോർന്നതായി തനിക്ക് തോന്നലുണ്ടായെന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥന്റെ മൊഴി.ചാരക്കേസ് കെട്ടുകഥയാണെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി ജി.ബാബുരാജ് കേസ് ഡയറിയില്‍ രേഖപ്പെടുത്തി.കെട്ടുകഥ സത്യമാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സി.ബി.ഐ ഡി.ഐ.ജി പി.എം.നായർ വെളിപ്പെടുത്തിയിട്ടുണ്ട്.വീസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോവാതിരുന്ന മാലെദ്വീപുകാരികളെ പൊലീസ് ചാരക്കേസില്പെടുത്തുകയായിരുന്നെന്നാണ് സി.ബി.ഐയുടെ ആദ്യ കണ്ടെത്തല്‍.