കോൺഗ്രസ്സ് നേതാവ് രാജ് സമ്പത്ത് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു ; നഗ്നമായ മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തി
കോണ്‍ഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എന്‍ എസ് യു – ഐ ദേശീയ ജനറല്‍ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്തിന് സമീപത്തെ ഒരു തടാക കരയിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ആന്ധ്രാപ്രദേശുകാരനായ രാജ് സമ്പത്ത്.
ദേഹമാസകലം പരുക്കേറ്റ നിലയിൽ നഗ്നമായാണ് ഇദ്ദേഹത്തിൻറെ മൃതദേഹം കാണപ്പെട്ടത്. നിലവിൽ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഭൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്കുന്ന സൂചന. മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകളേറ്റ നിലയില്‍ പാടുകളുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.
കുറച്ച് ദിവസം മുമ്പ് കൂട്ടത്തല്ലുണ്ടായ നെയ്യാറിലെ വിവാദ കെ എസ് യു ക്യാമ്പിലും രാജ് സമ്പത്ത് പങ്കെടുത്തിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും കേരളത്തിലെ മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രങ്ങളും രാജ് സമ്പത്ത് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കെ എസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാർ.രാജ് സമ്പത്തിന്റെ മരണ വിവരം വളരെ ദുഃഖത്തോടെയും ഞെട്ടലോടെയുമാണ് ഞങ്ങള്‍ കേള്‍ക്കുന്നതെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പ്രതികരിച്ചത്. അതിവൈകാരികമായ ഒരു നിമിഷത്തിലൂടെയാണ് ഞങ്ങള്‍ കടന്ന് പോകുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി കേരളത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയാണ് രാജ് സമ്പത് . ഒപ്പം സംഘടനയുടെ എല്ലാവിധ പ്രവർത്തനത്തിലും ഇടപെടല്‍ നടത്തിയ വ്യക്തിയും കൂടി ആണ് അദ്ദേഹം. നെയ്യാറിലെ ക്യാമ്പിലുള്പ്പെട അദ്ദേഹം ഉണ്ടായിരുന്നുവെന്നും അലോഷ്യസ് പറയുന്നു. ഇന്നലെ രാവിലെപ്പോലും അദ്ദേഹം ഫോണില്‍ സംസാരിച്ചതാണ്. രാത്രിയോടെ കേരളത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് ഒരു ഏഴുമണിയോടെ അറിയിച്ചു. പ്രൊഫഷണലായി അദ്ദേഹം ഒരു അഭിഭാഷകൻ കൂടിയാണ് . ഒരു ഭൂമിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് സംസാരിച്ച് തീർത്തതിന് ശേഷം കേരളത്തിലേക്ക് വരാം എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും കെ എസ് യു നേതാവ് അലോഷ്യസ് സേവിയർ പറയുന്നു. .രാജ് സമ്പത്തിൻ്റെ വിയോഗത്തിൽ എന്എസ്യുഐ ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു എന്എസ്യുഐയുടെ അനുസ്മരണം. ‘ഞങ്ങളുടെ പ്രിയപ്പെട്ട രാജ് സമ്പത്ത്, നിങ്ങളുടെ നേതൃത്വം, ദയ, പ്രതിബദ്ധത എന്നിവ എന്എസ്യുഐ കുടുംബം എന്നെന്നേക്കുമായി ഓർക്കും. സമ്പത്ത് സമാധാനമായി വിശ്രമിക്കൂ. ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ എന്നും നിലനിൽക്കും’ എന്നായിരുന്നു എന്എസ്യുഐ എക്സിൽ കുറിച്ചത്. ആന്ധ്രായിലേക് പോകുന്നതിനു മുൻപുള്ള ദിവസങ്ങളിൽ രാജ് സമ്പത് കേരളത്തിൽ ആയിരുന്നു .ശശി തരൂർ അടക്കമുള്ളവരുടെ പ്രചാരണ പരിപാടികളിൽ സജീവ സന്നിദ്യവും ആയിരിന്നു ഇദ്ദേഹം . അവസാനമായി തൻറെ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത ചിത്രം ഷാഫി പറമ്പിലിനും ഒത്തുള്ളതായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാടക്കം നിരവധി കോൺഗ്രസ്സ് നേതാക്കന്മാരും ആയി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യകതി കൂടി ആണ് രാജ് സമ്പത് കുമാർ .
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.