പീഡനക്കേസ് പ്രതിയായ നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു; സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഉന്തും തള്ളും
പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ പാർട്ടിയില്‍ തിരിച്ചെടുത്തതിനെ ചൊല്ലി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി. തിരുവല്ല ടൗണ്‍ നോർത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് സംഭവം.
ടൗണ്‍ നോർത്ത് എല്‍സി സെക്രട്ടറിയായിരുന്ന സി.സി. സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ തിരികെ എടുത്തത് റിപ്പോർട്ട് ചെയ്യാൻ യോഗം ചേർന്നിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാൻ സജിമോൻ എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ഇയാളെ യോഗത്തില്‍നിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു. തർക്കത്തിനൊടുവില്‍ സജിമോനെ യോഗത്തില്‍നിന്ന് ഇറക്കിവിട്ടു.
യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിന്റെ ഡിഎൻഎ പരിശോധന സമയത്ത് ആള്‍മാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസും സജിമോന്റെ പേരിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാർട്ടിയില്‍നിന്ന് പുറത്താക്കിയത്.