നിരവധി കേസുകളില്‍ പ്രതി; പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട മോഷ്ടാവ് പിടിയില്‍
പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട യുവാവ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കോതമംഗലം നെല്ലിക്കുഴി ഓലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (24) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നെല്ലിമോളം ഭാഗത്തുനിന്നും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ 7-ാം തിയതി രാവിലെ ആറരയോടെ കുന്നത്തേരി ഭാഗത്ത് വച്ച് ഫൈസലിനെ പിടികൂടാന്‍ ചെന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എ.എസ്.ഐ അബ്ദുള്‍ സത്താര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ മനാഫ് എന്നിവരെ ആക്രമിച്ച ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിരവധി കേസുകളാണ് തെളിഞ്ഞത്. ജനുവരിയില്‍ ഒക്കലിലെ വീട്ടില്‍നിന്നും 8 പവന് സ്വര്‍ണം മോഷ്ടിച്ചതും ഏപ്രിലില്‍ കോഴിക്കോട് താമരശ്ശേരി ഭാഗത്തുനിന്ന് കാര്‍ മോഷ്ടിച്ചതും, പള്ളിക്കര വണ്ടര്‍ലാ ഭാഗത്തു ഒരു വീട്ടില്‍ നിന്നും ലാപ്ടോപ്പും വാച്ചും പണവും മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചു. പോലീസിനെ ആക്രമിച്ചു കടന്നു കളഞ്ഞ ശേഷം കുന്നത്തേരി ഭാഗത്തുനിന്ന് ഒരു സ്കൂട്ടറും, പാലാ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു ബൈക്കും, നെല്ലാട് ഭാഗത്തുനിന്ന് ഒരു വീട്ടില്‍ കയറി മൊബൈല്‍ ഫോണുകളും മോഷ്ടിച്ചത് ഇയാളാണ്.
ഇതില്‍ താമരശേരിയില്‍ നിന്നും മോഷ്ടിച്ച കാര്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ തന്നെ പിടികൂടിയിരുന്നു. ചെറുപ്പം മുതല്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കോതമംഗലത്ത് നടന്ന കൊലക്കേസ് ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനും ആര്‍ഭാടജീവിതം നടത്തുന്നതിനും ആണ് മോഷണം ചെയ്തു വരുന്നതെന്ന് പോലീസിനോട് പറഞ്ഞു.
എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്.രഞ്ജിത്, സബ് ഇന്‍സ്പെക്ടര്‍മാരായ റിന്‍സ് എം തോമസ്, ജോസ്സി എം ജോണ്സന്, എസ്.സി.പി.ഒ മാരായ എം.ബി സുബൈര്‍, സി.എസ് മനോജ് സി.പി. ഒമാരായ ശ്രീജിത്ത് രവി, ജിജുമോന്‍ തോമസ്, പി.ടി അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: Kerala Police, Theft, Manhandling, Robber