മംഗ്ലൂരു ഫാസിൽ കൊലക്കേസിൽ പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്; സ്ഥലത്ത് നിരോധനാജ്ഞ
മംഗലൂരുവിൽ കടയുടെ മുന്നിൽ വച്ച് ഫാസിൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാണെങ്കിലും കൃത്യം നടത്തിയ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. തുടർന്ന് പ്രതികൾ രക്ഷപെടുകയായിരുന്നു. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കൽ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഫാസിലിന്റെ സംസ്കാരം സൂറത്കലിൽ ഇന്ന് നടക്കും. ദക്ഷിണ കന്നഡയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഇടങ്ങളിലെ നിരോധനാജ്ഞ ഇന്നും തുടരും. കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചു. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്.
Content Highlights – Mangaluru Fazil murder case, Police could not identify the accused