ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പീഡനക്കേസ്; അന്വേഷിക്കാൻ കൊല്‍ക്കത്ത പോലീസിൻ്റെ പ്രത്യേക സംഘം
പശ്ചിമ ബംഗാള്‍ ഗവർണർ സിവി ആനന്ദ ബോസിനെതിരെ രാജ്ഭവനിലെ ഒരു വനിതാ ജീവനക്കാരി ഉന്നയിച്ച പീഡനം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാൻ കൊല്‍ക്കത്ത പോലീസ് പ്രത്യേക എൻക്വിറ്റി ടീമിനെ രൂപീകരിച്ചു.
ഡിസി ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
ആനന്ദ ബോസ് പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു വനിതാ കരാർ ജീവനക്കാരി ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പോലീസില്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പോലീസ് നടപടി. മുഖ്യമന്ത്രി മമത ബാനർജി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ നിരവധി നേതാക്കള്‍ സംഭവം ഭയാനകമാണെന്ന് അപലപിച്ചു.
പരാതിക്കാരിക്ക് കൊല്‍ക്കത്ത പോലീസും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇത്തരം കൂടുതല്‍ ആരോപണങ്ങള്‍ ഇനിയും വരാനിരിക്കുന്നതായി പ്രതീക്ഷിക്കുന്നതായി ആരോപണങ്ങളോട് പ്രതികരിച്ച ഗവർണർ ആനന്ദ ബോസ് പറഞ്ഞു.