പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫ് വധക്കേസ്: മാര്‍ച്ച് 17 ന് വിധി പറയും

മൈസൂര്‍ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതക കേസില്‍ അടുത്തമാസം 17ന് വിധി പറയും. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് കേസില്‍ വിധി പറയുന്നത്. വിചാരണയും മറ്റു നടപടികളും എല്ലാം കോടതിയില്‍ ഇന്നത്തോടെ പൂര്‍ത്തിയായി. മൃതദേഹമോ മൃതദേഹവശിഷ്ടമോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ നിര്‍ണായകമാവുക ശാസ്ത്രീയ പരിശോധന ഫലങ്ങളാണ്.
2019 ഓഗസ്റ്റിലാണ് കേസിന്നാസ്പദമായ സംഭവം. മൈസൂര്‍ സ്വദേശി ഷാബാ ഷെരീഫിനെ മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന് അഷ്റഫിന്റെ സംഘം തട്ടിക്കൊണ്ടു വന്നു ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നും പിന്നീട് 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്.
മുഖ്യപ്രതി ഷൈബിന് അഷറഫ് അടക്കം 15 പ്രതികള്‍ ആണ് കേസിലുള്ളത്.