സല്‍മാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്ണോയി സംഘം റിക്രൂട്ട് ചെയ്തത് 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ; പ്രതികളുമായി 25 ലക്ഷം രൂപയുടെ കരാര്‍
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്.
കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താരത്തെ വധിക്കാനായി ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്നും പഞ്ചാബി ഗായകന് സിദ്ധു മൂസെവാലെയെ കൊന്നതുപോലെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 14ന് സല്‍മാന്റെ വീടിനു മുന്നില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2023 ആഗസ്ത് മുതല്‍ 2024 ഏപ്രില്‍ വരെ മാസങ്ങളോളം ഇതിനായി പദ്ധതിയിട്ടിരുന്നെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ സിദ്ധുവിനെ കൊല്ലാന്‍ ഉപയോഗിച്ച അതേ എകെ 47 , എകെ 92, എം16 റൈഫിളുകള്‍, തുർക്കി നിർമ്മിത സിഗാന പിസ്റ്റള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും തോക്കുകളും പാകിസ്താനില്‍ നിന്ന് വാങ്ങാനും ബിഷ്ണോയ് സംഘം പദ്ധതിയിട്ടിരുന്നു.18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെയാണ് സല്‍മാനെ വധിക്കാൻ റിക്രൂട്ട് ചെയ്തിരുന്നത്. അവർ ഗോള്‍ഡി ബ്രാറിൻ്റെയും അൻമോല് ബിഷ്ണോയിയുടെയും ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.സല്‍മാൻ്റെ നീക്കങ്ങള്‍ നിരീക്ഷിക്കാൻ 70 ഓളം പേരെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മുംബൈ വസതി, പൻവേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവയുള്‍പ്പെടെ നഗരത്തിലുടനീളം നിരീക്ഷണ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വെളിപ്പെടുത്തുന്നു. ഖാനെ ആക്രമിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് 2023 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളില്‍ പൻവേല്‍ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മീഷണർ വിവേക് പൻസാരെ പറഞ്ഞു.
ഏപ്രില്‍ 14ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് മുൻപില്, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാല് എന്നിവരെ അന്നു തന്നെ ഗുജറാത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരൻ ഏറ്റെടുത്തിരുന്നു.
തൻ്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, സല്മാൻ മുംബൈ പൊലീസിന് മുമ്ബാകെ ഹാജരായിരുന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും നേരെയുള്ള നിരന്തരമായ ഭീഷണികളില്‍ മടുത്തുവെന്നും സല്മാൻ പറഞ്ഞിരുന്നു.അതേസമയം, സല്‍മാനെ കൊല്ലുകയാണ് തൻ്റെ ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് ലോറൻസ് ബിഷ്ണോയി നേരത്തെ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ സബർമതി ജയിലിലാണ് ലോറന്‍സ് ബിഷ്ണോയി ഇപ്പോഴുള്ളത്.