വേടൻ ഇനിയും പാടും, പാട്ടിലെ വരികൾ പലരേയും പൊള്ളിക്കുകയും ചെയ്യും; വേടനെ ഇല്ലാതാക്കിയെന്ന് അട്ടഹസിക്കുന്നരും ആഘോഷിക്കുന്നവരും അത് മറക്കരുത്

ഇന്ന് മാധ്യമങ്ങളിൽ വ്വന്നൊരു വാർത്തയാണ്. ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പൊലീസാണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു. 2014 ൽ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്നാട്ടിലെത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണു പരാതി. ചെന്നൈ തിരുമംഗലം പൊലീസാണ് കേസെടുത്തത്.
നേരത്തെ, നടൻ ബാലചന്ദ്ര മേനോൻ നൽകിയ അപകീർത്തിക്കേസിൽ മിനു മുനീർ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു. ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മിനു മുനീറിന്റെ അഭിഭാഷകൻ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്
ഒരു സിനിമാ നടനെതിരെ ഒരു സ്ത്രീ നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനാൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നുമുള്ള വാർത്തയും എല്ലാവരും കണ്ടതാണ്. എന്നാൽ അപ്പോളും ഒരു സംശയം ബാക്കി നിൽക്കുന്നുണ്ട്. ഈ ക്ലീൻചിറ്റ് നൽകിയതുകൊണ്ടോ , പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതുകൊണ്ടോ അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമാകുമോ ? അല്ലെങ്കിൽ അതോടെ ആ താരത്തിന് നീതി കിട്ടി എന്ന് പറയാൻ സാധിക്കുമോ?
ഇനി നഷ്ടപരിഹാരമായി കുറേ പണം കിട്ടിയാലും നീതി കിട്ടി എന്ന് പറയാൻ സാധിക്കില്ല എന്നതാണ് സത്യം. ഈ കണ്ട നാളുകൾ എല്ലാം പീഡനവീരൻ അല്ലെങ്കിൽ ബലാൽസംഗ വീരൻ എന്ന ലേബലിലാണ് അദ്ദേഹത്തിന്റെ ഫോട്ടോ വന്നിരുന്നത്. ആ അനീതിക്ക് ഒരു കാലത്തും പരിഹാരം കിട്ടില്ല.
സമാനമായ ഒരു കേസിലൂടെയാണ് വേടനും കടന്ന് പോകുന്നത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന് ശേഷം, മൂന്നു വർഷങ്ങൾ കഴിഞ്ഞ്, വിവാഹ വാഗ്ദാനം ലംഘിച്ചു എന്ന പേരിൽ വേടനെതിരെ കേസ് വരുന്നു.
വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകി, ആ ഉറപ്പ് വഴി സ്ത്രീയുടെ സമ്മതം നേടിയിട്ടാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത് എന്നാണ് മൊഴി. ആ സ്ത്രീ പറഞ്ഞത് സത്യമാണെങ്കിൽ നിയമപരമായി അത് ബലാൽസംഗമായി മാറും. തെറ്റിദ്ധരിപ്പിച്ച് സമ്മതം വാങ്ങിയാൽ, ആ സമ്മതം അസാധുവാണ്. അതായത് സമ്മതത്തോടു കൂടിയല്ല ലൈംഗിക ബന്ധം നടന്നിരിക്കുന്നത് എന്ന രീതിയിലാകും. ആ കുറ്റമാണ് ഇപ്പോൾ വേടന്റെ മേലെ ചാർത്തപ്പെടുന്നത്.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയം തുടങ്ങിയത്. തുടർന്ന് കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ വെച്ച് ബലാ+ത്സംഗം നടത്തിയെന്നും, 2023-ൽ തന്നെ ഉപേക്ഷിച്ചതായും പറയുന്നു.
വേടൻ നേരത്തെയും പല പ്രോഗ്രാമുകളും ചെയ്തിട്ടുണ്ടെങ്കിലും, വേടൻ എന്ന റാപ്പറുടെ കലാജീവിതത്തിൽ ഏറ്റവും വലിയ ഉയർച്ച ഉണ്ടായത് ഈ 2023 കഴിഞ്ഞിട്ടാണ്. സ്റ്റേജ് പരിപാടികൾ കത്തിക്കയറിയതും, നിറയെ പ്രോഗ്രാമുകൾ ലഭിക്കുന്നതും അപ്പോളാണ്. അങ്ങനെയാണ് ലഹരിക്കേസും പുലിപല്ല് കേസും ഒക്കെ വരുന്നത്. അവിടെ വേടൻ തീർന്നു എന്ന് കരുതിയവർക്ക് തെറ്റി. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകളുടെ പ്രീതി പിടിച്ച് പറ്റിക്കൊണ്ട് വേടൻ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്.
പ്രോഗ്രാമുകൾ ആളുകളുടെ തിരക്ക് കാരണം ക്യാൻസൽ ചെയ്യേണ്ട അവസ്ഥയിലേക്ക് വന്നു. വേടൻ പാടുന്നതും, ആ പാട്ടിലെ വരികളും ഇഷ്ടപ്പെടാത്തവർക്ക് അത് വലിയൊരു ഷോക്കായിരുന്നു. സവർണ്ണ മാടമ്പികളുടെ സംഘം ചേർന്നുള്ള സൈബർ ആക്രമണങ്ങളാണ് പിന്നീട് ഉണ്ടായത്.
പുലിപ്പല്ല് കേസ് നടക്കുന്നതിന്റെ ഇടയിലാണ് ഈ പീഡന കേസ് വരുന്നത്. ഈ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം വേടൻ എവിടെയാണെന്ന് വ്യക്തമല്ല. ഇയാളുടെ സംഗീത പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇനി വേടനെതിരെ ശബ്ദിക്കുന്നവർക്ക്, അയാളുടെ പാട്ടിനെതിരെ വാളെടുത്തവർക്ക് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല.
അവർ ഉദ്ദേശിച്ച കാര്യം നടപ്പിലായി തുടങ്ങി. വേടൻറെ പ്രോഗ്രാമുകൾ ക്യാൻസൽ ആയി തുടങ്ങി.
എന്നാൽ വേടനെ മൊത്തത്തിൽ ഇല്ലാതാക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണ്. പരാതിക്കാരി കൊടുത്ത കേസിൽ കോടതി കാര്യങ്ങൾ തീരുമാനിക്കും. വേടന് പറയാനുള്ളതും കോടതി കേൾക്കും. കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷയും ഉണ്ടാകും. എന്നാൽ അയാളിലെ കലാകാരൻ അവിടെ മരിക്കില്ല. വേടൻ ഇനിയും ഉയിർത്തെഴുന്നേൽക്കും. അയാളുടെ പാട്ടുകൾ നിങ്ങളെ പലരെയും പൊള്ളിക്കുകയും ചെയ്യും. മാറ്റിനിർത്താനും കുറ്റപ്പെടുത്താനും കുറച്ച് ആളുകൾ ഉണ്ടെങ്കിൽ, വേടനെ ചേർത്ത് നിർത്താനും ഇവിടെ ആളുകൾ ഉണ്ടാകും. അയാൾ ഇനിയും പാടും, വേദികളിൽ ആളുകൾ തിങ്ങി നിറയും. വേടൻ ഇനിയും ആഘോഷിക്കപ്പെടും.