അസ്മിദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം : ബിജെപി നേതാവ് വി.വി. രാജേഷ്
തിരുവനന്തപുരം: ബാലരാമപുരം ഇടമനക്കുഴിയിൽ പ്രവർത്തിക്കുന്ന ഗ്രീൻഡം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനി അസ്മിദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന മദ്രസയായ ഹോസ അൽ അമീൻ എജ്യൂക്കേഷൻ സെന്ററിലെ ലൈബ്രറിയിൽ വച്ച് പകൽ സമയത്ത് അസ്മിദമോൾ തൂങ്ങിമരിച്ചു എന്നാണ് അധികൃതർ പറയുന്നത്. 35 കുട്ടികൾ അപ്പോൾ അവിടെ ഉണ്ടായിരുന്നു. ഈ സമയത്ത് മരിക്കാൻ സാധ്യതയില്ല. അസ്മിദയെ കൊലപ്പെടുത്തുകയായിരുന്നു.
വാർഡ് മെമ്പറെയോ ഗ്രാമപഞ്ചായത്ത് ജീവനക്കാരെയോ അവിടെ കയറ്റാറില്ല. കൊവിഡ് സമയത്ത് പല ആവശ്യങ്ങൾക്കും അവിടെ പോയപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. അവിടെ നടക്കുന്ന ക്ലാസുകളെ സംബന്ധിച്ചും വ്യക്തതയില്ല. മദ്രസയിലെ പീഡനം സംബന്ധിച്ച് കുട്ടി ബന്ധുക്കളോട് നിരവധി തവണ പരാതി പറഞ്ഞിരുന്നു. ഈ മാസം 3നാണ് കുട്ടിയെ സ്കൂളിൽ എത്തിക്കുന്നത്. എന്നെ തിരിച്ചുകൊണ്ടു പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. സ്കൂളിനെ കുറിച്ച് കുട്ടിക്ക് ഭയമായിരുന്നു. കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടിരുന്നു. എന്നാൽ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിനു വിളിപ്പാട് അകലെയുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചില്ല. മദ്രസാ മാനേജ്മെന്റും ബന്ധുക്കളും തമ്മിൽ നടന്ന സംഘർഷത്തെ തുടർന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുന്നത്. വലിയ ദുരൂഹതയാണ് നില നിൽക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് പീഡനങ്ങളും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് കുട്ടിയുടെ കൊലപാതകം.
പോലീസ് അന്വേഷണം വളരെ ലാഘവമായാണ് മുന്നോട്ട് പോകുന്നത്. അതിനാൽ അന്വേഷണത്തിന് പ്രത്യേക ഏജൻസിയെ സർക്കാർ നിയോഗിക്കണം. അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 17ന് ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ മഞ്ജു. ബിജെപി മീഡിയസെൽ കൺവീനർ ആർ. സമ്പത്ത്, ബിജെപി ബാലരാമപുരം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.