ദുരന്തഭൂമിയിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കാന് യുവതി സന്നദ്ധത അറിയിച്ച വാര്‍ത്തയ്ക്കു താഴെ മോശം കമന്റിട്ടയാള്‍ക്ക് മര്‍ദ്ദനം
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കാന് തയ്യാറാണെന്ന് ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
എത്ര വലിയ ദുരന്തത്തേയും മലയാളികള്‍ അതിജീവിക്കുന്നത് ഇങ്ങനെയാണെന്ന് ഈ യുവതിയുടെ നല്ല മനസിനെ പ്രശംസിച്ച് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതിനിടയില്‍ മോശം കമന്റുകളുമായി വേറെ ചിലര്‍ രംഗത്തെത്തി. അതില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കാന് യുവതി തയ്യാറാണെന്ന വാര്‍ത്തയ്ക്കു താഴെ ‘എനിക്കും ആവശ്യം ഉണ്ട്’ എന്ന മോശം കമന്റിട്ട ജോര്‍ജ് കെ.ടി എന്നയാളെയാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. വലിയൊരു ദുരന്തത്തെ നേരിടുന്ന സമയത്ത് ഇത്തരം പ്രതികരണങ്ങള്‍ ഇനി നടത്തരുതെന്ന് താക്കീത് നല്‍കിയാണ് ആളുകള്‍ ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മാത്രമല്ല തനിക്ക് തെറ്റുപറ്റിയതാണെന്നും ആ പെണ്‍കുട്ടിയോട് നേരിട്ട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്ന ശബ്ദസന്ദേശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്