ദളപതി വിജയ്ക്ക് ഒരേയൊരു എതിരാളി… ഉദയനിധി സ്റ്റാലിൻ
അന്തിമ ജയം ആർക്ക് ?
ഒരുപാട് നാളെത്തെ സസ്പെൻസുകൾക്കൊടുവിൽ ദളപതി വിജയ് പാർട്ടി പ്രഖ്യാപിക്കുമ്പോൾ ഉയരുന്ന ചോദ്യമുണ്ട് ആരായിരിക്കും വിജയുടെ എതിരാളി ? ഉത്തരമൊന്നേയുള്ളൂ ഉദയനിധി സ്റ്റാലിൻ. ഇപ്പോഴത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്തുടർച്ചാവകാശിയായി ഉയർത്തികൊണ്ടുവരുന്ന അതേ ഉദയനിധി സ്റ്റാലിൻ .വിജയ് ചിത്രങ്ങൾക്കെതിരെ ഉദയനിധി സ്റ്റാലിൻ തന്റെ രാഷ്ട്രീയസ്വാധീനവും റെഡ് ജെയന്റ് എന്ന നിർമാണ-വിതരണ കമ്പനിയുടെ സ്വാധീനമുപയോഗിച്ച് വിജയ് ചിത്രങ്ങളുടെ റിലീസ് തന്നെ പലപ്പോഴും അനിശ്ചിതത്തിലാക്കിയെന്നതും കോടമ്പാക്കത്തെ വിലകൂടിയ ഗോസിപ്പുകളിലൊന്നാണ്. സിനിമയിലെ ദളപതി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കലൈഞ്ജർ കുടുംബത്തിലെ ഇളവരശൻ ഉദയനിധി ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാവും എന്നാണ് ഇനി അറിയേണ്ടത്. തന്റെ ചിത്രങ്ങളിലും അതിന്റെ ഓഡിയോ ലോഞ്ചുകളിലും തനിക്ക് പറയാനുള്ള രാഷ്ട്രീയം ഡയലോഗുകളായും കഥകളായും ടാഗ് ലൈനുകളായും വിജയ് അവതരിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളുടെയെല്ലാം റിലീസ് സമയങ്ങളിൽ വിവാദങ്ങളുമുണ്ടാവാറുണ്ട്. കത്തി, സർക്കാർ, മെർസൽ തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിമർശനങ്ങൾ വിജയ് നടത്തിയിരുന്നു. മെർസലിൽ ബിജെപി സർക്കാറിനെ വിമർശിച്ചു എന്നതിന്റെ പേരിൽ സംഘപരിവാർ വൃത്തങ്ങളിൽനിന്ന് കടുത്ത എതിർപ്പുകളാണ് താരത്തിനും സിനിമയ്ക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങൾക്ക് പകരം ആശുപത്രി വേണമെന്നുള്ള ഡയലോഗ് സിനിമയിൽ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാറിന്റെ ആരോപണം. വിജയ്യുടെ മുഴുവൻ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവർ കണ്ടെത്തിയ ന്യായം.എന്നാൽ അതിലെന്താണ് തെറ്റെന്ന്, തന്റെ മുഴുവൻ പേരായ ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന് വ്യക്തമാക്കുന്ന ലെറ്റർ പാഡിൽ പുറത്തുവിട്ട പ്രസ്താവനയിൽ ചോദിച്ചുകൊണ്ടായിരുന്നു വിജയ് ഇതിന് മറുപടി നൽകിയത്. 2016 ൽ കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന അപൂർവം ചില താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു വിജയ്. തന്റെ ‘സർക്കാർ’ എന്ന ചിത്രത്തിൽ ജയലളിത സർക്കാർ കൊണ്ടുവന്ന ഫ്രീബിസ് പദ്ധതികളെയും ജിഎസ്ടിയെയുമെല്ലാം വിജയ് വിമർശിച്ചിരുന്നു. വോട്ടും രാഷ്ട്രീയവുമെല്ലാം കടന്നുവന്ന ആ ചിത്രത്തോടെ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന ചർച്ചകളും സജീവമായി. ഇതിനിടെ രണ്ടുതവണ വിജയ്ക്ക് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയനാവേണ്ടി വന്നു. സിനിമയിലും ജീവിതത്തിലും കേന്ദ്രസർക്കാർ നിലപാടുകളെയും നയങ്ങളെയും തുറന്നെതിർത്തതിന്റെ പേരിൽ ഭരണകൂടം വിജയ്യെ വേട്ടയാടുകയാണെന്ന തരത്തിലാണ് ആരോപണങ്ങളുയർന്നത്. വിജയ്യെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത പരന്നതോടെ ആയിരങ്ങളാണ് ഷൂട്ടിങ് സൈറ്റിലേക്ക് ഇരച്ചെത്തിയത്. ഏറ്റവുമൊടുവിൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം സൈക്കിൾ ചവിട്ടി പോളിങ് ബൂത്തിലേക്ക് പോയതിലൂടെ വിജയ് രാഷ്ട്രീയം പറഞ്ഞുതുടങ്ങിയെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. കമലും അന്ന് രജനികാന്തും തങ്ങളുടെ രാഷ്ട്രീയപ്പാർട്ടി പ്രവേശനം പ്രഖ്യാപിച്ചതോടെ വിജയ്യും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വിലയിരുത്തി. ഇതേ തിരഞ്ഞെടുപ്പിലാണ് ഉദയനിധിയെന്ന ഡിഎംകെ നേതാവ് പിറവികൊള്ളുന്നതും. ഒരു വർഷത്തിനുശേഷം മന്ത്രിസഭയിലേക്ക് യുവജനക്ഷേമ കായിക വികസന മന്ത്രിയായി ഉദയനിധി എത്തുകയും ചെയ്തു. ഇതിനിടെയാണ് വിജയ് ചിത്രങ്ങൾക്ക് ഉദയനിധി സ്റ്റാലിൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ആരോപണം ഉയർന്നത്.ഏറ്റവുമൊടുവിൽ വിജയ് ചിത്രമായ ലിയോയുടെ ഓഡിയോ ലോഞ്ച് അവസാന നിമിഷം റദ്ദാക്കി. ഒടുവിൽ വിജയ് കരിയറിന്റെ ഏറ്റവും പീക്ക് ടൈമിൽ നിൽക്കുമ്പോൾ ഏറ്റെടുത്ത സിനിമകൾക്കുശേഷം പൂർണമായി രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. സമാനമായി ഉദയനിധി സ്റ്റാലിനും മാമന്നൻ എന്ന ചിത്രത്തിനുശേഷം അഭിനയം മതിയാക്കി പൂർണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.തമിഴ്നാട്ടിൽ തനിക്കുള്ള ആരാധക പിന്തുണ വോട്ടുകളാക്കി മാറ്റാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം വിജയ്ക്കുണ്ട്. അതേസമയം ഡിഎംകെയെന്ന ദ്രാവിഡ പാർട്ടിയുടെ ശക്തമായ പാരമ്പര്യം തന്നെ തുണയ്ക്കുമെന്ന വിശ്വാസം ഉദയനിധിക്കുമുണ്ട്. മുമ്പ് കരുണാനിധിയെ അധികാരത്തിൽനിന്ന് ഇറക്കിയ എംജിആറിനെ പോലെ ഉദയനിധിയെന്ന രാഷ്ട്രീയക്കാരനെ വിജയ് എന്ന സിനിമക്കാരൻ താഴെയിറക്കുമോ അതോ മുൻഗാമികളെ പോലെ രാഷ്ട്രീയത്തിൽ വിജയ് പരാജയപ്പെടുമോയെന്നാണ് അറിയേണ്ടത്.