കർണാടക മോഡൽ തെലങ്കാനയിൽ ആവർത്തിക്കാൻ കോൺഗ്രസ്, വാഗ്ദാനപ്പെരുമഴ!
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടക മോഡൽ തെലങ്കാനയിൽ ആവർത്തിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കർണാടകയിൽ തങ്ങളെ വിജയത്തിലെത്തിച്ച പദ്ധതികളെല്ലാം തെലങ്കാനയിലും നടപ്പാക്കും എന്നാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ കർണാടകയിലെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും കോൺഗ്രസ് നടപ്പാക്കിയിട്ടില്ലെന്നാണ് ബിജെപി അടക്കമുള്ള എതിർപക്ഷത്തിന്റെ ആരോപണം.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ എന്നിവർക്കു പുറമേ സമീർ അഹമ്മദ് ഖാൻ, കെ.എച്ച്. മുനിയപ്പ, എസ്.പി.പാട്ടീൽ, പ്രിയാങ്ക് ഖർഗെ തുടങ്ങി കർണാടകയിലെ പത്തോളം മന്ത്രിമാരും മുപ്പതിലേറെ എംഎൽഎമാരും പ്രധാന നേതാക്കളും തെലങ്കാനയിൽ കോൺഗ്രസിനായി പ്രചരണത്തിനുണ്ട്. പ്രധാനപ്പെട്ട എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരായി കോൺഗ്രസ് നിയോഗിച്ചിരിക്കുന്നതും കർണാടകയിൽ നിന്നുള്ള നേതാക്കളെയാണ്. കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് പ്രചാരണതന്ത്രങ്ങളിലും മാറ്റം വരുത്തി. അതുവരെ ബിജെപിയും അവരുടെ കേന്ദ്ര നേതാക്കളുമായിരുന്നു ലക്ഷ്യമെങ്കിൽ കർണാടക വിജയത്തോടെ ബിആർഎസിന്റെയും ബിജെപിയുടെയും സംസ്ഥാനതല േനതൃത്വത്തിനെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രവർത്തകരെ സജ്ജമാക്കാൻ കർണാടകയിൽനിന്നുള്ള സഹായം വലുതാണെന്നാണ് തെലങ്കാന കോൺഗ്രസ് നേതൃത്വം പറയുന്നത്. തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കിയ കാര്യങ്ങൾ മന്ത്രിമാരടക്കമുള്ളവർ വന്ന് തെലങ്കാനക്കാരെ അറിയിക്കുന്നു. കർണാടക പ്രകടന പത്രികയിൽ പറഞ്ഞ അഞ്ച് വാഗ്ദാനങ്ങളും 100 ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കിയെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കർണാടക മാതൃകയിൽ ആറു വാഗ്ദാനങ്ങളാണ് തെലങ്കാനയിലും കോൺഗ്രസ് നൽകിയിരിക്കുന്നത്. മഹാലക്ഷ്മി, രയ്തു ഭറോസ, ഗൃഹജ്യോതി, ഇന്ദിരാമ്മ ഇന്ത്ലു, യുവ വികാസം, ചെയ്യുത തുടങ്ങിയവയാണവ. ഈ വാഗ്ദാനങ്ങളാണ് തങ്ങളെ കർണാടകത്തിൽ അധികാരത്തിൽ വരാൻ സഹായിച്ചതെന്ന് കോൺഗ്രസ് കരുതുന്നു. കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതും കർണാടകയിൽ അഞ്ചു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നാണ്. മഹാലക്ഷ്മി പദ്ധതി അനുസരിച്ച് സ്ത്രീകൾക്ക് മാസം 2500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, ബസുകളിൽ സൗജന്യ യാത്ര എന്നിവയാണ് വാഗ്ദാനം. രായ്തു ഭറോസ കർഷകർക്കുള്ള വാഗ്ദാനമാണ്. കർഷകർക്കും പാട്ടത്തിന് കൃഷി ചെയ്യുന്നവർക്കും വർഷം 15,000 രൂപ സഹായം, കാർഷിക ജോലിക്ക് 12,000 രൂപ, ധാന്യ വിളകൾക്ക് വർഷം 500 രൂപ ബോണസ് എന്നിവയാണ് വാഗ്ദാനം. ഗൃഹജ്യോതി പദ്ധതി അനുസരിച്ച് എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യം.ഇന്ദിരാമ്മ ഇന്ത്ലു പ്രകാരം തെലങ്കാന സംസ്ഥാന പ്രക്ഷോഭകാരികൾക്ക് 2250 ചതുരശ്ര അടി സ്ഥലം, സ്വന്തമായി വീടില്ലാത്തവർക്ക് വീടു വയ്ക്കാൻ സ്ഥലവും 5 ലക്ഷം രൂപയും വാഗ്ദാനം. യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ് യുവ വികാസം പദ്ധതി. വിദ്യാർഥികൾക്ക് 5 ലക്ഷം രൂപയുടെ വിദ്യാ ഭറോസ കാർഡ്, തെലങ്കാന ഇന്റർനാഷണൽ സ്കൂളുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഈ പദ്ധതിയിൽ വരും. ‘ചെയ്യുത’ പദ്ധതി പ്രകാരം വിവിധ പെൻഷൻ പദ്ധതികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 4000 രൂപ വയോജന പെൻഷൻ, 10 ലക്ഷം രൂപയുടെ രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസ് എന്നിവ ഇതിൽ ഉൾപ്പെടും. 2018ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയത്തിനു ശേഷം കാര്യമായി ചിത്രത്തിലേ ഉണ്ടായിരുന്നില്ല കോൺഗ്രസ്. അതിനു ശേഷം അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ നടന്നപ്പോൾ ഒന്നിൽപ്പോലും കോൺഗ്രസ് വിജയിച്ചില്ല. കയ്യിലുണ്ടായിരുന്ന 2 സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് നടന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിആർഎസ് വിജയിക്കുകയും ബിജെപി വലിയ നേട്ടമുണ്ടാക്കുകയും ചെയ്തെങ്കിലും കോണ്ഗ്രസിന് ലഭിച്ചത് വെറും 2 സീറ്റു മാത്രമാണ്…തൊട്ടു മുൻപുള്ള തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ലഭിച്ച ബിആർഎസിന്റേത് 2020ൽ 56 ആയി കുറഞ്ഞു. ഇതിന്റെ നേട്ടമുണ്ടായത് ബിജെപിക്കാണ്. കേവലം 4 സീറ്റിൽനിന്ന് 48 സീറ്റ് നേടിയാണ് ബിജെപി നേട്ടമുണ്ടാക്കിയത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റുകളും നേടി.