ഗാസ സിറ്റി കരസേന പൂര്‍ണമായും വളഞ്ഞതായി ഇസ്രായേല്‍ സൈന്യം; മറുപടി നൽകി ഹമാസ്
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ സിറ്റി തങ്ങളുടെ കരസേന പൂര്‍ണമായും വളഞ്ഞതായി അവകാശപ്പെട്ട് ഇസ്രായേല്‍ സൈന്യം രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഇസ്രായേലിന് മറുപടിയുമായി ഹമാസിന്റെ സൈനിക വിഭാഗമായ എസെദീന്‍ അല്‍-ഖസാം ബ്രിഗേഡ്സ് രംഗത്തെത്തി. ഗാസ വളഞ്ഞാല്‍ ഇസ്രായേല്‍ കരസേന കറുത്ത പെട്ടികളിലായിരിക്കും മടങ്ങി പോകുക എന്ന് ഹമാസ് മുന്നറിയിപ്പ് നല്കി. യുദ്ധത്തില്‍ മാനുഷികമായ ഇടവേളകള്‍ വേണമെന്ന യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായത്തിന് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ പലസ്തീന് ഇസ്രായേല്‍ യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പങ്കാളികളായേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ലബ്നാനിലെ ഹിസ്ബുല്ലയും സിറിയന്‍ സൈന്യവും ഇറാനും ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇപ്പോള്‍ മറ്റൊരു കോണില്‍ നിന്നാണ് മിസൈല്‍ വരുന്നത്. ഇതാകട്ടെ, ഇസ്രായേലോ അമേരിക്കയോ തീരെ പ്രതീക്ഷിച്ചതുമല്ല.ഇസ്രായേല്‍ സൈന്യവും ഗാസയിലെ ഹമാസും തമ്മിലുള്ള പോരാട്ടം ശക്തമാണ്. അതിനിടെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തുന്നുമുണ്ട്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000ത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം കരയാക്രമണത്തിനിടെ നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് യുദ്ധം വഴിമാറുന്നത്.യമനിലെ സൈനികരാണ് ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയെന്ന് വ്യക്തമാക്കി രംഗത്തുവന്നിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമന്‍ സൈന്യത്തിന്റെ ട്വിറ്ററില്‍ ഇത് സംബന്ധിച്ച അറിയിപ്പ് വന്നു എന്നാണ് വാര്‍ത്ത. ആക്രമണം തുടങ്ങിയതിന്റെ വീഡിയോ ഇവര്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തുവത്രെ. പലസ്തീനില്‍ അധിനിവേശം നടത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് യമന്‍ സൈന്യത്തിന്റെ നിലപാട്.യമനിലെ വിമതരായ ഹൂത്തികള്‍ കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയെന്ന് അറിയിച്ചിരുന്നു. യമനില്‍ നിന്നുള്ള മിസൈലുകള്‍ സൈന്യം തകര്‍ത്തുവെന്ന് ഇസ്രായേലും അമേരിക്കയും അറിയിക്കുകയും ചെയ്തു. മാത്രമല്ല, ചെങ്കടലില്‍ എലിയാത്ത് തുറമുഖത്തോട് ചേര്‍ന്ന മേഖലയില്‍ ഇസ്രായേല്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.യമനില്‍ നിന്നുള്ളവര്‍ ഇസ്രായേലിനെതിരെ നീങ്ങുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് ഇവരുടെ രംഗപ്രവേശം. ഹൂത്തി വിമതരും സൈന്യവും ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയെന്നാണ് മനസിലാകുന്നത്. ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗമാണ് ഹൂത്തികള്‍. നേരത്തെ സൗദിക്കെതിരായ ആക്രമണത്തിന് ഇവരെ ഇറാന് സഹായിച്ചിരുന്നു.2014ലാണ് ഹൂത്തി വിമതര്‍ യമന്റെ അധികാരം പിടിച്ചത്. ഹൂത്തികള്‍ വന്നതോടെ യമന്‍ ഭരിച്ചിരുന്ന അലി അബ്ദുല്ലാ സ്വാലിഹും അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും സൗദിയിലേക്ക് പലായനം ചെയ്തു. തിരിച്ചെത്തിയ സ്വാലിഹ് പിന്നീട് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ യമന്റെ ഭൂരിഭാഗം പ്രദേശവും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. സൗദിയുമായി ഇവര്‍ സമാധാന ചര്‍ച്ച നടത്തുന്നുണ്ട്. അതിനിടെയാണ് പുതിയ പോര്‍മുഖം തുറക്കുന്നത്. എന്നാൽ, യമനില്‍ നിന്ന് 900 മൈല്‍ അകലെയാണ് ഇസ്രായേല്‍. സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തി കടന്നുവേണം ഇവര്‍ തൊടുത്തുവിടുന്ന മിസൈലുകള്‍ ഇസ്രായേലിലെത്താന്‍. ഇതാകട്ടെ, സൗദി അറേബ്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും. യമന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് സൗദി. ഹൂത്തികളെ ഇറാനും പിന്തുണയ്ക്കുന്നു. ഈ രണ്ട് വിഭാഗവും ഇസ്രായേലിന് എതിരാണ് എന്നതാണ് പുതിയ ചിത്രം. ഹിസ്ബുല്ലയ്ക്കും സിറിയന്‍ സര്‍ക്കാരിനും ഇറാഖിലെ സായുധ സംഘങ്ങള്‍ക്കും ഇറാന്റെ പിന്തുണയുണ്ട്. എന്നാല്‍ ഇവര്‍ സംഘടിതമായ ആക്രമണം ഇസ്രായേലിനെതിരെ ഇതുവരെ നടത്തിയിട്ടില്ല.അതിനിടെ വടക്കന്‍ ഗാസയില്‍ പോരാട്ടം തുടരുന്നതിനിടെ പരിക്കേറ്റ നൂറുകണക്കിന് വിദേശികളും ഇരട്ട പൗരത്വമുള്ളവരും റഫ അതിര്‍ത്തി കടന്ന് ഈജിപ്തിലേക്ക് എത്തിയതായി ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 പരിക്കേറ്റ പലസ്തീന്‍കാരും 72 കുട്ടികള്‍ ഉള്‍പ്പെടെ 344 വിദേശ പൗരന്മാരും അതിര്‍ത്തി കടന്നതായാണ് വിവരം. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.