‘ലോക്സഭയിൽ കരുത്ത് കാട്ടണം’ രാഹുലിന്റെ പ്ലാൻ ഇങ്ങനെ!
2024 ലോക്സഭാ തെരെഞ്ഞെടുപ്പ് വരാൻ പോവുകയാണ്..രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ തന്ത്രങ്ങളും കുതന്ത്രങ്ങളുമായി അണിയറയിൽ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ് ഈ ഒരു തെരഞ്ഞെടുപ്പ് എന്ന് നിസംശയം പറയാം.. എന്തായാലും മോദി സർക്കാരിനെ നിലംപരിശാക്കാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സഖ്യം ഇന്ത്യ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു…രാഹുൽഗാന്ധിയെ എന്ന കോൺഗ്രസുകാരനുള്ള ജനപിന്തുണ മനസ്സിലാക്കി തന്നെയാണ് ഇന്ത്യ സഖ്യത്തെ മുന്നിൽ നിന്ന് നയിക്കാൻ അവർ രാഹുലിനെ തെരഞ്ഞെടുത്തതും.. ആ വിശ്വാസം ഊട്ടിയുറപ്പിക്കേണ്ടത് രാഹുലിന്റെയും കോൺഗ്രസിന്റെയും ബാധ്യത കൂടിയാണ്. അങ്ങനെയാവുമ്പോൾ കോൺഗ്രസിന് മേൽക്കോയ്മയുള്ള മണ്ഡലങ്ങളിലെ വോട്ട് ഭദ്രമാക്കുക തന്നെയായിരിക്കും അവരുടെ നീക്കം.. കർണാടകയിലെ കോൺഗ്രസ് വിജയെ കോൺഗ്രസിന് നല്കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല…അഭിപ്രായവ്യത്യാസങ്ങളും ഭിന്നിപ്പും ഒഴിവാക്കി ഒന്നിച്ച് നിന്ന് പ്രവർത്തിക്കാൻ തന്നെയാകും കോൺഗ്രസിന്റെ നീക്കം..കേരളത്തിലേക്ക് വരുമ്പോൾ കോൺഗ്രസിന് സ്വാധീനമുള്ള ഒട്ടേറം മണ്ഡലങ്ങളുണ്ട്. അതുകൊണ്ട് തന്നെ കർണാടക മോഡൽ തെരഞ്ഞെടുപ്പ് തന്ത്രം കേരളത്തിലും പരീക്ഷിക്കാനൊരുങ്ങുകയാണ് രാഹുലും കൂട്ടരും. മാത്രമല്ല കോൺഗ്രസിലെ മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ നിര്യാണം തീരാ നഷ്ടമാണുണ്ടാക്കിയതെങ്കിലും പുതുപ്പള്ളിയിൽ മാത്രം ഒതുങ്ങുന്നതല്ല ഉമ്മൻചാണ്ടി എന്ന നേതാവിന്റെ വ്യക്തി പ്രഭാവം എന്ന് അദ്ദേഹത്തിന്റെ മരണശേഷം നേതാക്കൾ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കളത്തിലേക്കിറക്കാനും കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്. ഇതെല്ലാം തന്നെ കേരളത്തിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്..
കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്നാണ് സംസ്ഥാനത്തെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്… കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. കർണാടകയിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വൻവിജയം നേടിയത്. എന്നാൽ മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലർത്തി വേണം നേതാക്കൾ ഇടപെടാനെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് സംസ്ഥാന നേതാക്കളോട് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്. പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും നേതാക്കളുമായി സംസാരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഏത് തരത്തിലായിരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ഹൈക്കമാൻഡ് യോഗത്തിൽ വ്യക്തമാക്കിയെന്നാണ് വിവരം.
കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമുണ്ട്. അതിനാല്‍ കർണാടകയെ മാതൃകയാക്കണമെന്നാണ് രാഹുലിന്റെ നിർദേശം.മാത്രമല്ല തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അവതരണം നടത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് ഉറപ്പ് നല്കി. ഒക്ടോബർ 31 ന് അകം ബൂത്ത് തലം വരെ ശക്തിപ്പെടുത്തി സംഘടനയെ ശക്തമായ നിലയിലേക്ക് എത്തിക്കുമെന്നാണ് കെ സുധാകരൻ യോഗത്തില്‍ പറഞ്ഞത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടലെടുത്ത തർക്കങ്ങളും യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍ ചിലർ ഉന്നയിച്ചു. പ്രശ്നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കപ്പെടണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾക്കെതിരെ കർശന നിർദ്ദേശവും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പാർട്ടിക്കകത്ത് പറയേണ്ടത് അകത്ത് മാത്രം പറഞ്ഞാൽ മതിയെന്ന നിർദ്ദേശം നൽകിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മിത്ത് വിവാദവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എകെ ആന്റണിയും, ചികിത്സയിലായതിനാൽ രമേശ് ചെന്നിത്തലയും ഓണ്‍ലൈനായാണ് ചർച്ചയിൽ പങ്കെടുത്തത്.