ചെരുപ്പ് വാങ്ങിയും പാത്രം കഴുകിയും രാഹുൽ ഗാന്ധി! ലക്ഷ്യം മനസ്സിലാകാതെ ബിജെപി
സുവര്‍ണക്ഷേത്രം കാണാനെത്തിയ ചേര്‍ത്തല സ്വദേശിയും അമൃത ബില്‍ഡേഴ്സ് ഉടമയുമായ കെ.ബാബു മോന് ഇങ്ങനെയൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചു കാണില്ല. ക്ഷേത്രത്തിനകത്തു കയറും മുന്‍പ് ചെരുപ്പഴിച്ച് നല്കാന് കൗണ്ടറിലെത്തിയതാണ്. അപ്പോൾ ചെരുപ്പുവാങ്ങാന്‍ കൈ നീട്ടിയ ആളെക്കണ്ട് ബാബുമോന് ഒന്ന് ഞെട്ടി. സാക്ഷാല്‍ രാഹുല്‍ ഗാന്ധി ! താന്‍ ഇട്ടുകൊണ്ടു വന്ന ഷൂസ് ഏറെ ആരാധിക്കുന്ന നേതാവിന്റെ കയ്യിലേക്ക് നല്കാന് ബാബു മോന് മടി തോന്നി. പക്ഷേ രാഹുല്‍ നിര്‍ബന്ധമായി അത് വാങ്ങി വച്ചു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഹസ്തദാനം നല്കി അകത്തേക്ക് ക്ഷണിച്ചു.
രണ്ടു ദിവസമായി സുവര്‍ണ ക്ഷേത്രത്തില്‍ ‘സേവ’യിലായിരുന്നു രാഹുല്‍ ഗാന്ധി. ഓപ്പറേഷന് ബ്ലൂ സ്റ്റാറില്‍ തകര്‍ക്കപ്പെട്ട അകാൽ തഖ്തിലെത്തിയ ഇന്ദിരയുടെ ചെറുമകനെ സ്നേഹത്തോടെ വരവേറ്റു, സിഖ് സമൂഹം. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവർണ്ണ ക്ഷേത്ര സന്ദർശനം. 1984 ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകൽചയ്ക്ക് ഇടയാക്കിയിരുന്നു. തീവ്രവാദികളെ നേരിടാൻ സ്വീകരിച്ച നടപടി ആയിരുന്നെങ്കിലും സിഖ് മത വിശ്വാസികളിൽ ഇത് വലിയ മുറിവുണ്ടാക്കി. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി രാഹുൽ ഗാന്ധി പഞ്ചാബിൽ തങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം. സ്ഥലം എംപി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുൽ സുവർണ്ണ ക്ഷേത്രത്തിൽ സേവനത്തിന് എത്തിയത്. സുവർണ്ണ ക്ഷേത്രത്തിൽ സന്ദർശനം നടത്താനെത്തിയ രാഹുൽ ഗാന്ധി പാത്രങ്ങൾ കഴുകുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ശ്രീകോവിലിന്റെ പ്രവേശന കവാടത്തിലെ സ്റ്റീൽ ഗ്രില്ലുകൾ വൃത്തിയാക്കിയ രാഹുൽ, സ്ത്രീകളോടൊപ്പം പച്ചക്കറികൾ മുറിച്ചു. മാത്രമല്ല ഭക്തര്‍ വെള്ളം കുടിക്കുന്ന ഗ്ലാസുകളും പാത്രങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം മണ്ണുകൊണ്ടും വെള്ളം കൊണ്ടും രാഹുലും വേണുഗോപാലും കഴുകി. ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഗുര്‍ബാനി കീര്‍ത്തനം ശ്രവിച്ച്, പ്രാര്‍ഥനകള്‍ക്കും ശേഷം രണ്ടു ദിവസത്തെ സന്ദർശനത്തിൽ പച്ചക്കറി അരിയല്‍, പാത്രം കഴുകല്‍, പ്രസാദ വിതരണം തുടങ്ങി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കാവശ്യമായ സേവനങ്ങളും ചെയ്യുകയായിരുന്നു. സമൂഹ അടുക്കളയില്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് സ്ത്രീകളടക്കമുള്ളവര്‍ ഫോട്ടോയെടുക്കാന്‍ ഒപ്പം കൂടിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. രാഹുലിന്റേത് തീര്‍ത്തും വ്യക്തിപരവും ആധ്യാത്മികവുമായ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.ഭാരത് ജോഡോ യാത്രയ്ക്കു രാഹുൽ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്കിറങ്ങി ചെല്ലാൻ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണിത്. എന്നാൽ രാഹുലിന്റെ സന്ദർശനത്തെ ബിജെപി പരിഹസിച്ചു. മുത്തശ്ശി വെടിയുണ്ടകൾ ഉതിർക്കാൻ ഉത്തരവിട്ടപ്പോൾ കൊച്ചുമകൻ സേവ ചെയ്യുന്നുവെന്നും ഇതാണോ സ്നേഹത്തിന്റെ കടയെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു. എന്നാൽ മറുവശത്ത് രാഹുൽഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുമോ ഇല്ലയോ എന്ന ചർച്ചകളും രാഷ്ട്രീയ ലോകത്ത് സജീവമാകുന്നുണ്ട്.രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന് സിപിഐ ദേശീയ നേതൃത്വവും വ്യക്തമാക്കിയിരുന്നു.. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറയുകയായിരുന്നു.പലർക്കും പല അഭിപ്രായങ്ങളും കാണുമെന്നും സ്ഥാനാർഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശം ഉണ്ടെന്നും, ഡി.രാജ പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥി നിർണയം ചർച്ചയാകൂ. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ഥമാണ്. എന്നാൽ ബിജെപിയെ തോല്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി രാജ പറയുന്നു. എന്തായാലും ഇന്ത്യയെ മോദി തരംഗത്തിൽ നിന്ന് കരകയറ്റാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ സഖ്യം നടത്തുന്നത്.