തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, ബിജെപി വിറക്കും !
തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമോ ? അതെ ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുകയാണ് തെലങ്കാനയിൽ. ദക്ഷിണേന്ത്യയിൽ പാർട്ടി അധികാരത്തിലെത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി തെലങ്കാന മാറുമെന്ന് കോൺഗ്രസ് കരുതുമ്പോൾ തെലങ്കാനയിലൂടെ ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് നടപ്പാക്കിയ വികസനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ ബിആർഎസ്. എന്നാല്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ തിരഞ്ഞെടുപ്പില്‍ തെലങ്കാന പിടിച്ചെടുക്കാമെന്ന കോണ്‍ഗ്രസ് മോഹത്തിന് പിന്നില്‍ കര്‍ണാടകയിലെ വിജയത്തിന്റെ ഊര്‍ജ്ജവുമുണ്ട്. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്താണ് ഇത്തവണ അവര്‍ മത്സരിച്ചത്. അതുകൊണ്ട് ജയിക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, രേവന്ത് റെഡ്ഡിയും ചേര്‍ന്നുള്ള പ്രചാരണം വലിയ രീതിയില്‍ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.നിലവില്‍ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ബിആര്എസ്സിനും കോണ്‍ഗ്രസിനുമൊപ്പം, ബിജെപിയും വലിയ ശക്തിയായി തന്നെ മുന്നിലുണ്ട്. കോണ്‍ഗ്രസ് ഇത്തവണ അവസാന തന്ത്രമായി പുറത്തെടുത്തത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരില്‍ നടത്തിയ പ്രചാരണമാണ്. ഇന്ദിരാമ്മ രാജ്യം എന്ന കോണ്‍ഗ്രസ് തന്ത്രത്തിനാണ് അവസാന ഘട്ടത്തില്‍ തെലങ്കാന സാക്ഷ്യം വഹിച്ചത്.പ്രിയങ്ക ഗാന്ധിയും, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമെല്ലാം ഈ തന്ത്രമാണ് പുറത്തെടുത്തത്. ഇതിന് പ്രധാന കാരണം മറ്റൊന്നാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ ഇന്ദിരാ ഗാന്ധി മത്സരിച്ചത് റായ്ബറേലിയിലായിരുന്നു. തുടര്‍ന്ന് അവര്‍ കോണ്‍ഗ്രസ് ഐ രൂപീകരിച്ചു. അന്ന് രണ്ടാമതൊരു മണ്ഡലത്തില്‍ നിന്നും ഇന്ദിര മത്സരിച്ചിരുന്നു. തെലങ്കാനയിലെ മേദക്കില്‍ നിന്നായിരുന്നു ആ മത്സരം. 1980ല്‍ വന്‍ മാര്‍ജിനിലായിരുന്നു മേദക്കില്‍ നിന്ന് അവര്‍ വിജയിച്ചത്.1984ല്‍ ഇന്ദിര കൊല്ലപ്പെടുമ്പോള്‍ മേദക്കില്‍ നിന്നുള്ള എംപിയായിരുന്നു അവര്‍. എന്നാല്‍ കോണ്‍ഗ്രസിന് 1999 മുതല്‍ ഈ മണ്ഡലത്തില്‍ വിജയിക്കാനായിട്ടില്ല. അത്രയ്ക്കും വലിയ ശക്തി കേന്ദ്രമാണ് കോണ്‍ഗ്രസ് കൈവിട്ടത്. പിന്നീട് തെലങ്കാന രൂപീകരിച്ചത് മുതല്‍ കെസിആറിന്റെ ബിആര്എസ്സാണ് ഇവിടെ വിജയിക്കുന്നത്. ഇന്ദിരമ്മ രാജ്യം എന്ന പ്രചാരണം കോണ്‍ഗ്രസ് ആരംഭിച്ചത് ശരിക്കും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.പിന്നീടുള്ള പ്രചാരണത്തിലെല്ലാം ഇന്ദിരയെയും കോണ്‍ഗ്രസിനെയും മാത്രമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. പട്ടിണിയും, പട്ടിണി മരണങ്ങളും, നക്സലൈറ്റ് പോരാട്ടവും, ഏറ്റുമുട്ടലുകളും മാത്രമാണ് ഇന്ദിരയുടെ ഭരണത്തില്‍ നടന്നിട്ടുള്ളതെന്ന് കെസിആര്‍ ആരോപിക്കുന്നു. കെസിആറിന്റെ വാക്കുകളിലെല്ലാം ആശങ്ക പ്രകടമായിരുന്നു.ഇന്ദിരാമ്മ രാജ്യം എന്നതിന് നീതിയുടെയും, ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും, വികസനത്തിന്റെയും ഭരണമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് നാഗാര്‍ജുന സാഗര്‍ ഡാം പണിതത്. തെലങ്കാനയിലെ കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയില്‍ ജലമെത്തിയത് ഇന്ദിരാ ഗാന്ധിയുടെ സഹായം കൊണ്ടാണെന്നും ഖാര്‍ഗെ പറയുന്നു.നാഗാര്‍ജുന സാഗര്‍ ഡാമില്ലായിരുന്നെങ്കില്‍ തെലങ്കാന ഇന്ത്യയുടെ കര്‍ഷക ഭൂമിയായി മാറില്ലെന്നും, ഇവിടെ നെല്ല് വിളയുമായിരുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. നിങ്ങളെന്നെ ഇന്ദിരാമ്മയെന്ന് വിളിച്ചു. ഒരിക്കലും ഞാന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ല. എന്നെ വിശ്വസിക്കണം. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.തെലങ്കാന വിഭജനത്തിന് വേണ്ടി സമരം ചെയ്ത് വിഭജനം നടത്തിയാല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് വാക്ക് നല്കിയ കെ ചന്ദ്രശേഖര്‍ റാവു വിഭജന ശേഷം കാലുവാരിയതും കോണ്‍ഗ്രസിനെ വഞ്ചിച്ചതും കുറച്ചൊന്നുമല്ല തെലുങ്ക് നാട്ടില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞത്.തെലങ്കാന വിഭജനത്തിന് വേണ്ടി മുറവിളി കൂട്ടിയ കെസിആര്‍ തെലങ്കാന നേരിട്ട അവഗണനയുടെ കാര്യക്കാരായി കോണ്‍ഗ്രസിനെ മുദ്രകുത്തിയതോടെ പുതിയതായി രൂപം കൊണ്ട സംസ്ഥാനത്തില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായില്ല. 2014 മുതല്‍ ഇതുവരെ രണ്ട് തവണയും തെലങ്കാനയില്‍ കെസിആറും അദ്ദേഹത്തിന്റെ പാര്‍ട്ടി ബിആര്‍എസുമാണ് അധികാരത്തില്‍ വന്നത്. അഴിമതിയുടെ വലിയ ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും തെലങ്കാനയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമെന്നത് പാര്‍ട്ടിയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.