ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചന്ദ്രബാബു നായിഡു; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പവന് കല്യാണും
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് എന്‍ ചന്ദ്രബാബു നായിഡു.
ജനസേനാ പാര്‍ട്ടി തലവനും പവര്‍ സ്റ്റാറുമായ പവന് കല്യാണ്‍ ക്യാബിനറ്റ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
പവൻ കല്യാണിനൊപ്പം ചന്ദ്രബാബു നായിഡുവിൻ്റെ മകൻ നാരാ ലോകേഷ് ഉള്‍പ്പെടെ 23 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
വിജയവാഡയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നടന് രജനീകാന്ത്, പവന് കല്യാണിന്റെ മൂത്ത സഹോദരനും സൂപ്പര്‍ സ്റ്റാറുമായ ചിരഞ്ജീവി, തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.
മാസങ്ങള്‍ക്ക് മുമ്ബ് നൈപുണ്യ വികസന കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നായിഡുവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം നായിഡു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജനസേനയുമായി സഖ്യമുണ്ടാക്കി തന്റെ പാര്‍ട്ടിയായ ടിഡിപിയെ വന്‍ വിജയത്തിലേക്ക് നയിച്ചു.
2024 ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 175 സീറ്റുകളില്‍ 135 സീറ്റുകള്‍ നേടി ടിഡിപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) വന്‍ വിജയമ നേടിയിരുന്നു.
പവന് കല്യാണിന്റെ ജനസേന 21 സീറ്റും ബിജെപി 8 സീറ്റും നേടി. ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (വൈഎസ്ആര്‍സിപി) 11 സീറ്റുകള്‍ മാത്രമാണ് നേടാനായത്.