വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമില്ല; വിഴിഞ്ഞം തുറമുഖം ജനമനസ്സില്‍ ഉമ്മൻചാണ്ടിയുടെ പേരിലാണ്; ചാണ്ടി ഉമ്മൻ എംഎല്‍എ
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമില്ലെന്നും വിഴിഞ്ഞം തുറമുഖം ജനമനസ്സില്‍ ഉമ്മൻചാണ്ടിയുടെ പേരിലാണെന്നും മകൻ ചാണ്ടി ഉമ്മൻ എംഎല്‍എ.
വിഴിഞ്ഞം തുറമുഖം ജനമനസ്സില്‍ ഉമ്മൻചാണ്ടിയുടെ പേരിലാണ് എന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ എംഎല്‍എ വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാറിന് നന്ദിയുണ്ടെന്നും പറഞ്ഞു.
അതേസമയം അന്നും ഇന്നും ഉമ്മൻചാണ്ടിയാണ് ശരിയെന്നും വിഴിഞ്ഞം തനിക്ക് ദുഃഖപുത്രിയെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ പ്രതികരിച്ചത്. വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടനവേളയുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ച മറിയാമ്മ ഉമ്മൻ അക്കാലത്ത് നിരവധി ആരോപണങ്ങള്‍ കേട്ടതാണ് എന്നും ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്തെന്നും പറഞ്ഞു.
വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും തുറമുഖങ്ങള്‍ സാമ്ബത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പൂർത്തീകരിക്കാൻ സഹകരിച്ച കരണ്‍ അദാനിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞത്ത് ബർത്ത് ചെയ്യാമെന്നും ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്നുമുതല്‍ തുടങ്ങുകയാണ് എന്നും പൂർണ്ണമായ പ്രവർത്തന രീതിയിലേക്ക് വിഴിഞ്ഞം തുറമുഖം ഉടൻ മാറുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി ലോകത്തിലെ വൻകിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം എന്നും മദർഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തുമെന്നും പറഞ്ഞു.
തുറമുഖ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി. ഔദ്യോഗിക ചടങ്ങുകള്‍ പൂർത്തിയാക്കി കണ്ടെയ്നറുകള്‍ ഇറക്കിയതിനു ശേഷം സാൻഫെർണാണ്ടോ നാളെ തീരം വിടും.