കേന്ദ്രമന്ത്രിയായതോടെ സിനിമയുടെ പ്രതിഫലം കുത്തനെ കൂട്ടി സുരേഷ് ഗോപി;സെറ്റില്‍ താരത്തിനും മന്ത്രി ഓഫിസിനുമായി രണ്ട് കാരവനുകള്‍ വേണം
കേന്ദ്രമന്ത്രിയായതോടെ സിനിമയില്‍ അഭിനയിക്കുന്നതിനുളള പ്രതിഫലം കുത്തനെ വർദ്ധിപ്പിച്ച് സുരേഷ് ഗോപി.
ഒരു മലയാള ചലച്ചിത്രത്തില്‍ അഭിനയിക്കുന്നതിന് വമ്ബന്‍ പ്രതിഫലമാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നത്. ചിത്രീകരണത്തിന് ഡേറ്റ് കൊടുക്കുന്നതിന് പുതിയ നിബന്ധനകളും വെച്ചിട്ടുണ്ട്. അഡ്വാന്‍സ് തുകയുമായി ബന്ധപ്പെട്ടുള്ളതാണ് പ്രധാന നിബന്ധന.
അഞ്ച് ദിവസം അല്ലെങ്കില്‍ പരമാവധി ഒരാഴ്ചയോ മാത്രമേ ഡേറ്റ് അനുവദിക്കുകയുളളു. അതുകഴിഞ്ഞുളള ഡേറ്റ് പിന്നീട് സൗകര്യം പോലെ ക്രമീകരിക്കണം എന്നാണ് നിർമ്മാതാക്കളെ അറിയിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയിലുളള ഉത്തരവാദിത്തങ്ങളുളളതിനാല് ഘട്ടം ഘട്ടമായേ ഡേറ്റ് നല്‍കാനാവൂ എന്നാണ് സുരേഷ് ഗോപി മുന്നോട്ടുവെയ്ക്കുന്ന നിബന്ധന.
സിനിമ ഷൂട്ടിങ്ങിനെത്തുമ്ബോള് സെറ്റില്‍ രണ്ട് കാരവാനുകള്‍ സജ്ജീകരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. ഒരു കാരവാൻ സുരേഷ് ഗോപിക്കും മറ്റൊന്ന് മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് ആവശ്യപ്പെടുന്നത്.
ഉയർന്ന പ്രതിഫലവും അധിക ചെലവ് ഉണ്ടാകുന്ന നിബന്ധനകളും മുന്നോട്ട് വെച്ചതോടെ സുരേഷ് ഗോപിയെ നായകനായി പ്രഖ്യാപിച്ച പല പ്രോജക്ടുകളില്‍ നിന്നും നിർമ്മാതാക്കള്‍ പിന്നോട്ട് പോയി. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണ കമ്ബനിയുടെ പ്രോജക്ടും ഇത്തരത്തില്‍ ഉപേക്ഷിച്ചവയില്‍ ഉള്‍പ്പെടുന്നു.
വന്‍ പ്രതിഫലം നല്കി സിനിമ നിർമ്മിച്ചാല്‍ തിയേറ്ററുകളിലും ഒ.ടി.ടിയിലും ഓടിച്ചാലും മുടക്ക് മുതല്‍ പോലും ലഭിക്കില്ലെന്നാണ് നിർമ്മാതാക്കളുടെ നിലപാട്. സുരേഷ് ഗോപിക്ക് വന്‍ പ്രതിഫലം നല്കി പടം എടുത്താല്‍ മറ്റ് നടീനടന്മാരുടെ യും സാങ്കേതിക വിദഗ്ധരുടെയും പ്രതിഫലവും മറ്റ് ചെലവുകളുമായി 20 കോടി രൂപയെങ്കിലും മുടക്കേണ്ടി വരും.
ചിത്രം സൂപ്പർ ഹിറ്റായില്ലെങ്കില്‍ ഈ തുക തിരിച്ചുപിടിക്കാനാവില്ലെന്നും നിർമ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് സുരേഷ് ഗോപിയെ നായകനാക്കി മെഗാ ചിത്രമായി ആസൂത്രണം ചെയ്ത ശ്രീപത്മനാഭൻ എന്ന ടെറ്റിലിലുളള ചിത്രം പോലും ഉപേക്ഷിക്കുന്ന നിലയിലേക്കെത്തിയതെന്നും നിർമ്മാതാക്കള്‍ പറയുന്നു.
പ്രഖ്യാപിച്ചിരിക്കുന്ന പ്രോജക്ടുകളില്‍ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്ബനി നിർമ്മിക്കുന്ന ചിത്രം മാത്രമേ നടക്കാൻ സാധ്യതയുളളു. നേരത്തെ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയാല്‍ മറ്റ് വിവാദങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് മമ്മൂട്ടി കമ്ബനി പ്രോജക്ടുമായി മുന്നോട്ട് പോകുന്നത്.
കേന്ദ്രമന്ത്രിയായ ശേഷമാണ് സുരേഷ് ഗോപി സിനിമയുടെ പ്രതിഫല തുക കുത്തനെ ഉയർത്തിയത്. ഇടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷിച്ച പാപ്പന് എന്ന ചിത്രത്തിന് 3 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. രണ്ടരകോടിക്ക് കരാർ ആയ ശേഷം പിന്നീട് ഡബിങ്ങ് സമയക്ക് അരക്കോടി കൂടി പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഗരുഡയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. കേന്ദ്രമന്ത്രിയായ ശേഷം ഒറ്റയടിക്ക് 10 കോടി രൂപയായി പ്രതിഫലം ഉയർത്തിയതാണ് നിർമ്മാതാക്കളെ ഞെട്ടിച്ചത്.
സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് ഒ.ടി.ടി വിപണിയില്‍ വലിയ മൂല്യമില്ലാത്തത് കൊണ്ട് ഒരുതരത്തിലും പ്രോജക്ട് ലാഭകരമാകില്ലെന്നതാണ് നിർമാതാക്കളെ അലട്ടുന്ന പ്രശ്നം.