വിഴിഞ്ഞത്തേയ്ക്ക് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാഹനങ്ങള്‍ തടഞ്ഞിട്ടത് മണിക്കൂറുകളോളം; ഫ്ലക്സ് യുദ്ധവും ശക്തം..
തീരത്തെത്തിയ ആദ്യ ചരക്ക് കപ്പലിനെ സ്വീകരികാനായി വിഴിഞ്ഞത്തേയ്ക്ക് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാഹനങ്ങള്‍ തടഞ്ഞിട്ടത് മണിക്കൂറുകളോളം. വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനം ഇന്ന് നടക്കവെയാണ് പിണറായി പോലീസ് ജനങ്ങളെ ബുദ്ധിമുട്ടിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടത്. അതിനിടെ വിഴിഞ്ഞം പോർട്ടിന്റെ ക്രെഡിറ്റിൻ്റെ പേരില്‍ സ്ഥലത്ത് ഫ്ലക്സ് യുദ്ധവും ശക്തം. പിണറായി വിജയന്റെയും ഉമ്മൻചാണ്ടിയുടെയും ഫ്ലക്സുകളാണ് ഇവിടെ ഉയർന്നിരിക്കുന്നത്.
പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇടത്, വലത് മുന്നണികളുടെ ഫ്ലക്സുകള്‍ ഉയർന്നത്. വിജയവഴി വിഴിഞ്ഞം എന്നാണ് സിപിഐഎം ഫ്ലക്സില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഉമ്മൻചാണ്ടിയെ മറക്കരുത് എന്ന് കോണ്‍ഗ്രസ് ഫ്ലക്സിലൂടെ തിരിച്ചടിച്ചു.
ഫ്ലക്സുകള്‍ ഉയർന്നതോടെ ഈ പ്രദേശത്തെ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനോ നടക്കാനോ ഉള്ള സ്ഥലം പോലും ഇല്ലാതായി വീർപ്പുമുട്ടുകയാണ്. പദ്ധതി പ്രദേശത്തിന്റെ മുന്നില്‍ പോലും പണി പൂർത്തിയായിട്ടില്ല. കണ്ടെയ്നർ കൊണ്ടുപോകാനുള്ള റോഡ് ഇടുങ്ങിയതാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഒരു കിലോമീറ്റർ പൂർത്തിയായാല്‍ നാലുവരി പാതയില്‍ എത്താം.
അതിനിടെ ഇന്നലെ എത്തിയ സാൻ ഫെർണാണ്ടൊ എന്ന കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ഇറക്കിതുടങ്ങിയിരുന്നു. കപ്പല്‍ ഇന്നലെ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാള്‍, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിച്ചു. അദാനി പോർട്സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തി.