ഭ്രമയുഗം’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാർ, സെൻസർ ബോർഡിന് അപേക്ഷ നൽകി
റിലീസ് തീയതി അടുത്തിരിക്കെ വിവാദത്തിലായ ‘ഭ്രമയുഗം’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘കൊടുമോൺ പോറ്റി’യെന്നാക്കാൻ തയാറാണെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിൽ. ഇക്കാര്യത്തിൽ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിര്‍മാതാക്കൾ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചു. ഫെബ്രുവരി 15നാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്.
‘ഭ്രമയുഗ’ത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലക്കാര് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുന്നതാണെന്നും കാണിച്ചായിരുന്നു ഹർജി.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഭ്രമയുഗം എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാൽ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്.
ഇത് കുടുംബത്തിന് സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേര് വരുത്തി വയ്ക്കും. പ്രത്യേകിച്ച് മമ്മൂട്ടിയെപ്പോലൊരു നടന് അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കും എന്നിരിക്കെ. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതു സംബന്ധിച്ച് ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നു. ചിത്രത്തില്‍ തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരോ പരാമര്‍ശങ്ങളോ നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.