പണത്തിന് മേലേ പരുന്ത് പറക്കുന്നു, കെഎസ്ആർടിസിയിൽ ദിലീപിൻറെ സിനിമ നിർത്തി വെപ്പിച്ചു; എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ നിന്നും നടനെ മാറ്റി
നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുകൾ ഇല്ലെന്ന് കണ്ട് വെറുതെ വിട്ട നടൻ ദിലീപിനെതിരെ ജനരോഷം ശക്തമാകുകയാണ്. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്ന് നടന് ദിലീപിനെ മാറ്റി. ജനുവരിയില്‍ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്.
വ്യാപകമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്. നാളെ വൈകുന്നേരം ആറരക്കായിരുന്നു ഈ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. അങ്ങനെയാണ് ദിലീപിനെ മാറ്റിയത്. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ തന്നെ അപ്പീലിന് പോകാന്‍ ഒരുങ്ങവേയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് ദിലീപിനെ ക്ഷണിക്കുന്നത്. ഇതിന് പിന്നില്‍ ആരെന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.
അതേസമയം, ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം വനിതാ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. അതിജീവിതയ്ക്കൊപ്പം നില്ക്കുമ്പോള് ദിലീപിന്റെ സിനിമ കാണാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. ബസ്സില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര് ശേഖറാണ് ആദ്യം പ്രതിഷേധം ഉയര്‍ത്തിയത്.
തിരുവനന്തപുരം – തൊട്ടില്‍പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര് ശേഖര്‍ ആദ്യം പ്രതിഷേധം അറിയിച്ചു. പിന്നാലെ ഭൂരിഭാഗം യാത്രക്കാരും ഇവരെ അനുകൂലിച്ചു. തുടര്‍ന്ന് കണ്ടക്ടര്‍ക്ക് സിനിമ ഓഫ് ചെയ്യേണ്ടിവന്നെന്നും യാത്രക്കാരി പറഞ്ഞു. എന്നാല്‍ യാത്രക്കാരില്‍ ചിലര്‍ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. ഇതോടെയാണ് തര്‍ക്കം ഉണ്ടായത്.
ബസില്‍ കയറി ഇരുന്നപ്പോള്‍ മകനാണ് പറഞ്ഞത് അമ്മേ ഇതിനകത്ത് ആ വഷളന്റെ സിനിമയാണല്ലോ എന്ന്. ദിലീപിന്റെ പറക്കും തളിക എന്ന സിനിമയായിരുന്നു അത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സിനിമ കാണാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ കണ്ടക്ടറോട് സിനിമ നിര്‍ത്തുകയോ അല്ലെങ്കില്‍ അടുത്ത സ്റ്റോപ്പില്‍ താന്‍ ഇറങ്ങിക്കോളാമെന്നും പറഞ്ഞു. അതിജീവിതയോടൊപ്പം നില്ക്കുമ്പോള് ആ സിനിമ കാണാനാവില്ലെന്നതാണ് തന്റെ നിലപാടെന്നും ലക്ഷ്മി ആര് ശേഖര്‍ പറഞ്ഞു.
ഈ സിനിമ കാണാന്‍ താല്പര്യമുണ്ടോയെന്ന് ബസിലുണ്ടായിരുന്ന എല്ലാവരോടും ചോദിച്ചിരുന്നു. ഭൂരിപക്ഷം പേരും താല്പര്യമില്ലെന്നാണ് പറഞ്ഞത്. കണ്ടക്ടര്‍ ഇതോടെ സിനിമ നിര്‍ത്തിവെച്ചു. എന്നാല്‍ കോടതിവിധി വന്നിട്ടും എന്തിനാണ് ഇങ്ങനെയെല്ലാം കാണുന്നത് എന്ന് ചോദിച്ചായിരുന്നു ചിലര്‍ തര്‍ക്കിച്ചതെന്നും ലക്ഷ്മി ആര് ശേഖര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഗൂഢാലോചന കുറ്റവും ബലാത്സംഗത്തിനായി ക്വട്ടേഷന്‍ നല്‍കിയെന്നും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണകോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ ആറ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. ഈ വിധിയില്‍ അപ്പീല്‍ പോകാനുള്ള നീക്കത്തിലാണ് സര്‍ക്കാരും അതിജീവിതയും.
അതിനിടെ വിചാരണകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം അതിജീവിത രംഗത്തെത്തിയിരുന്നു. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ തനിക്കിതില്‍ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞു.
‘നിയമത്തിന്റെ മുന്പില് ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നും ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്മാര് ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
അതിന് പിന്നാലെ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടി മഞ്ജു വാര്യര്‍ പങ്കുവെച്ച പോസ്റ്റിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മഞ്ജു ഉന്നയിച്ചത്. ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലെ, പൊലീസിലും നിയമസംവിധാനത്തിലും താനുള്‍പ്പെടുന്ന സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകുകയുള്ളു എന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.













