‘മസിനഗുഡി വഴി ഊട്ടി ’ യിലേക്കുള്ള യാത്ര ഇനി നടക്കില്ല; കാരണം ഇതാണ് ..
‘മസിനഗുഡി വഴി ഊട്ടി ’ യിലേക്കുള്ള യാത്ര ഇനി നടക്കില്ല . ഈ മേഖലയിലൂടെ ഉള്ള വഴിയ്ക്ക് മദ്രാസ് ഹൈക്കോടതി പൂട്ടിട്ടതോടെയാണ് മസിനഗുഡി വഴിയുള്ള ഊട്ടി യാത്രയ്ക്ക് ലോക്ക് വീണിരിക്കുന്നത് . മാത്രമല്ല ഹൈക്കോടതി യുടെ തീരുമാനം വയനാട് ടൂറിസം മേഖലയ്ക്കും വലിയ രീതിയിലുള്ള തലവേദന സൃഷ്ടിച്ചിരിക്കുകയാണ് . ആളുകളുടെ തിരക്കും ചൂടും ജലക്ഷാമവും രൂക്ഷമയാതോടെയാണു കോടതി ഊട്ടിയിലേക്കു പോകുന്നുവർക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഇതിനെ തുടർന്ന് ബുദ്ധിമുട്ടിലായിരിക്കുന്നത് തൊട്ടടുത്തു കിടക്കുന്ന വയനാട് ജില്ലയാണ് നിലവിൽ വയനാട് വിനോദ സഞ്ചാരമേഖല കടുത്ത പ്രതിസന്ധിയിലാണ് മുന്നോട്ടു പോകുന്നത് . അത്തരത്തിൽ വയനാട്ടിലെ വിനോദ സഞ്ചാരമേഖല വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് അയൽ സംസ്ഥാനത്തെ കോടതി ഉത്തരവും കൂടി എത്തുന്നത് . ഇത് ഈ മേഖലയെ കൂടുതൽ തളർത്തുന്ന ഒന്നാണ് എന്നാണ് വിലയിരുത്തൽ . ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. അതിനാൽ വയനാട്, ഊട്ടി എന്നീ സ്ഥലങ്ങളിലായി രണ്ട് ദിവസത്തെ ടൂർ പാക്കേജിലാണു പലരും വയനാട്ടിലേക്ക് എത്തിയിരുന്നത്. പുതിയ നിയന്ത്രണം വന്നതോടെ ഊട്ടിയിലേക്കു പോകാൻ ആളുകൾ മടിക്കുകയാണ്. ഇത് വായനാടിനെയും മോശമായി ബാധിച്ചിരിക്കുകയാണ്. നിയത്രണങ്ങൾ കാരണം വിനോദ സഞ്ചാരികൾ വയനാടിനെയും പതുക്കെ ഒഴിവാക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് . മേയ് 7 മുതൽ ജൂൺ 30 വരെയാണു നിയന്ത്രണം. ഇ പാസ് ഉള്ളവരെ മാത്രമേ ഊട്ടിയിലേക്കു കടത്തിവിടാൻ പാടുള്ളു എന്നാണു കോടതി ഉത്തരവ്. വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണു വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടിയത്. ഇതോടെ വയനാട്ടിലെ പ്രധാന ആകർഷക കേന്ദ്രങ്ങളായ ഏഴോളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണു പൂട്ടിക്കിടക്കുന്നത്. മിക്കപ്പോഴും രണ്ട് ദിവസാം കണക്കു കൂട്ടി വയനാട്ടിൽ എത്തുന്ന സന്ദർശകർ ഒരു ദിവസമാക്കി വെട്ടിച്ചുരുക്കുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ് . തെക്കൻ ജില്ലകളിൽനിന്നു വയനാട്ടിലേക്കു വരുന്നവർ മുൻപ് രണ്ട് ദിവസവും വയനാട്ടിൽ സമയം ചെലവഴിക്കാനാണ് എത്തിയിരുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടിയതോടെ വയനാട് – ഊട്ടിയിലേക്കായി യാത്ര. തെക്കൻ ജില്ലക്കാർ രാത്രിയിൽ യാത്ര തുടങ്ങി പുലർച്ചെ വയനാട്ടിൽ എത്തി സന്ദർശനം നടത്തി, രാത്രി വയനാട്ടിൽ തങ്ങി രാവിലെ ഊട്ടിയിലേക്കു പോയി വൈകിട്ട് മടങ്ങുന്നതായിരുന്നു രീതി. ഊട്ടിയിൽ റൂം വാടക കൂടുതലായതിനാൽ പല ടൂർ കമ്പനികളും വയനാടാണു താമസത്തിനു തിരഞ്ഞെടുത്തിരുന്നത്. ഊട്ടിയിൽ നിയന്ത്രണം വരുന്നതോടെ വയനാട്ടിലേക്കു മാത്രമായി സഞ്ചാരികൾ എത്താൻ സാധ്യത കുറവാണ്. പ്രധാന കാരണം വയനാട്ടിലെ പകുതിയോളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നു എന്നതു തന്നെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 30 ശതമാനമാണു വയനാട്ടിൽ സഞ്ചരികളുടെ കുറവ്. ഊട്ടിയിലെ നിയന്ത്രണം കൂടിയാകുമ്പോൾ അത് 50 ശതമാനത്തിലേക്കെത്താനും സാധ്യത കൂടുന്നു . വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ഊട്ടിയിലേക്കു കയറിയതോടെ ഒരു തരത്തിലും നിയന്ത്രിക്കാൻ സാധിക്കാത്ത ഗതാഗതക്കുരുക്കാണുണ്ടായത്. ഗൂഡല്ലൂർ മുതൽ ഊട്ടി വരെ ഗതാഗതക്കുരുക്ക് നീണ്ടു. ഇതിനിടെയാണു കടുത്ത വേനലും ടൂറിസത്തെ ബാധിച്ചിരിക്കുകയാണ് . പ്രധാനമായും ജലസ്രോതസ്സുകൾ വറ്റിയത് വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ് . ഊട്ടിയിലെ ഡാമുകളുടെ അടിത്തട്ട് വരെ കാണാൻ സാധിക്കുന്ന അവസ്ഥയായി. തണുപ്പ് തേടി ഊട്ടിയിലെത്തിയവർ വെയിലേറ്റ് വാടിക്കരിയുന കാഴ്ചയാണ് കാണുന്നത് . മാത്രമല്ല വെള്ളമില്ലാതായതോടെ ഹോട്ടലുകളുടെ പ്രവർത്തനവും താളം തെറ്റി. ഇതിനെല്ലാം പുറമേ വനമേഖലയായ ഊട്ടിയിലേക്ക് ആളുകളുടെ തള്ളിക്കയറ്റവും വാഹനപ്പെരുപ്പവും മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാകാൻ തുടങ്ങി. ഇതോടെയാണു കോടതി സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അവധി ദിനത്തിൽ ഊട്ടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ജില്ലയിലെ ജനജീവിതം പോലും തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അവധി ദിനത്തിൽ കേരളത്തിൽനിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങൾ നിരയായി ചുരമിറങ്ങുമ്പോൾ അപകടത്തിൽ പെടുന്നതും സ്ഥിര സംഭവമായി മാറി. രാവിലെ ഗൂഡല്ലൂരിൽനിന്നു പുറപ്പെട്ടവർ ഊട്ടിയിൽ എത്തുന്നത് അർധരാത്രിയിലായിരുന്നു. ഇരുപതിനായിരത്തിലധികം വാഹനങ്ങളാണു പ്രതിദിനം ഊട്ടിയിലെത്തുന്നത്. പുതിയ നിയന്ത്രണം ഊട്ടിയിലെ ആളുകളെ സംബന്ധിച്ചിടത്തോളം ആശ്വാസമാണെങ്കിലും വിനോദസഞ്ചാരികൾക്കും വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആശാവഹമല്ല.
ഗൂഡല്ലൂർ വഴി അല്ലാതെ ഊട്ടിയിലേക്കുള്ള മറ്റൊരു വഴിയാണു ബത്തേരി–ഗുണ്ടിൽപേട്ട്–മസിനഗുഡി–ഊട്ടി. ഈ അടുത്ത കാലത്ത് പ്രസിദ്ധമായ ‘മസിനഗുഡി വഴി ഊട്ടി’യിലേക്കുള്ള യാത്രയും നിയന്ത്രിക്കുന്നതോടെ വയനാടിനെയും നിയന്ത്രണം വലിയരീതിയിൽ തന്നെ മോശമായി ബാധിക്കുമെന്നാണു വിലയിരുത്തൽ.