‘ഇത്രേ ഉള്ളൂ’; വായനാദിനത്തില്‍ കൊച്ചുമിടുക്കിയുടെ ‘ആടുജീവിതം’ കഥ പങ്കുവെച്ച് ബെന്യാമിൻ
ലോകശ്രദ്ധ പിടിച്ചു പറ്റിയ കഥയാണ് ആടുജീവിതം. ബെന്യാമിന്റെ ഈ കഥ സിനിമയായപ്പോള്‍ തിയേറ്ററില്‍ മികച്ച വിജയമായി മാറി.
എന്നാല്‍ ഇത് വെറും പത്ത് വരിയില്‍ എഴുതാൻ ഉള്ള കഥയെ ഉള്ളോ?.. അത്തരത്തില്‍ ഒരു കഥയാണ് ഇപ്പോള്‍ കഥാകൃത്ത് ബെന്യാമിൻ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
മന്തരത്തൂർ എം എല്‍ പി സ്കൂള്‍ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടിയുടെ പത്ത് വരിയുള്ള ആടുജീവിതത്തിന്റെ കഥയാണ് ബെന്യാമിൻ വായനാദിനത്തില്‍ പങ്കുവെച്ചിരിക്കുന്നത്. നോട്ടുബുക്കില്‍ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഒരു ദിവസം നജീബ് എന്ന ഒരാള്‍ ജീവിച്ചിരുന്നു, ഒരുനാള്‍ നജീബ് ദുബായില്‍ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയില്‍ ഇട്ടു. കുറെ വർഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള്‍ വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം… ‘എന്നാണ് നോട്ടുബുക്കില്‍ നന്മ തേജസ്വിനി എഴുതിയത്. കുറിപ്പിന് താഴെ നജീബിന്റെ ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇത്രേ ഒള്ളൂ… മന്തരത്തൂർ എം എല്‍ പി സ്കൂള്‍ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി’ എന്നാണ് ബെന്യാമിൻ കുറിച്ചിരിക്കുന്നത്.
ലോക പ്രശസ്തമായ ബെന്യാമിന്റെ നോവലായ ആടുജീവിതം ബ്ലെസിയുടെ സംവിധാനത്തിലാണ് ഒരു മികച്ച സിനിമയായി പുറത്തിറങ്ങിയത്. മികച്ച ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകൻ. ആഗോളതലത്തില്‍ 150 കോടിക്ക് മുകളില്‍ ചിത്രം നേടിയിരുന്നു.