”തഗ് ലൈഫ് ” പ്രേക്ഷകരെ ത്രസിപ്പിച്ച് ഉലകനായകൻ കമൽഹാസന്റെ മണിരത്നം ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി

മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റിൽ അന്നൗൺസ്മെന്റ് വിഡിയോയിൽ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രേക്ഷകരിലേക്കെത്തിയത്.

“തഗ് ലൈഫ്” എന്നാണ് ആരാധകർ ഏറെ കാത്തിരുന്ന കമൽഹാസൻ- മണിരത്നം ചിത്രത്തിന്റെ പേര്. “രംഗരായ സത്യവേൽനായകൻ” എന്നാണ് ഉലകനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമൽഹാസന്റെ അറുപത്തി ഒൻപതാമത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്.

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്നു ടൈറ്റിൽ റിലീസിന് മുൻപുള്ള മണിക്കൂറുകളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഈ മഹത്തായ ചിത്രത്തിൽ കമൽ ഹാസനും മണിരത്നവും ഇസൈപുയൽ എ.ആർ.റഹ്മാനൊപ്പം വീണ്ടും കൈകോർക്കുന്നു.മണിരത്നത്തിനോടൊപ്പം പ്രഗത്ഭരായ ടീമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് എന്നിവരോടൊപ്പം മറ്റു മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രമായിരിക്കും
“തഗ് ലൈഫ്”.ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ