‘മാഗി കഴിച്ച് നില വഷളായി’; കൗമാരക്കാരൻ ചികിത്സയ്ക്കിടെ മരിച്ചു; 6 പേര് ആശുപത്രിയില്‍

മാഗി നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൗമാരക്കാരൻ മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം കുടുംബത്തിലെ ആറ് പേർ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം.
രാഹുല്‍ നഗർ സ്വദേശിനിയും ഡെറാഡൂണില്‍ താമസക്കാരിയുമായ സീമ – സോനു ദമ്ബതികളുടെ മകൻ രോഹൻ (10) ആണ് മരിച്ചത്. മക്കളായ രോഹൻ, വിവേക്, മകള്‍ സന്ധ്യ എന്നിവരോടൊപ്പം സീമ വ്യാഴാഴ്ച രാഹുല്‍ നഗറിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ രാത്രി മാഗി നൂഡില്‍സ് കഴിച്ച് കുടുംബാംഗങ്ങളെല്ലാം ഉറങ്ങുകയായിരുന്നു.
എന്നാല്‍ അർധരാത്രിയോടെ സ്ഥിതി വഷളായി. എല്ലാവർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് വിവരം. എല്ലാവരെയും പുരൻപുരിലെ സിഎച്ച്സിയില് പ്രവേശിപ്പിച്ചുവെങ്കിലും രോഹൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ അധികൃതർ അന്വേഷണം നടത്തിവരികയാണ്.