ചര്‍മത്തിലെ മറുകുകള്‍ നിസ്സാരമാക്കരുത്, അര്‍ബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് കെവിൻ ജൊനാസ്
നടനും ഗായകനും ഗാനരചയിതാവുമായ കെവിൻ ജൊനാസിന് കാൻസർ സ്ഥിരീകരിച്ചു. സാമൂഹികമാധ്യമത്തിലൂടെയാണ് സ്കിൻ കാൻസർ ബാധിച്ചവിവരം ജോനാസ് ബ്രദേഴ്സിലൊരാള് കൂടിയായ കെവിൻ പങ്കുവെച്ചത്.
അർബുദം നീക്കംചെയ്യാൻ സർജറി ചെയ്തുവെന്നും കെവിൻ പറയുന്നുണ്ട്.
സർജറിക്ക് മുമ്ബും പിമ്ബുമുള്ള ദൃശ്യങ്ങള്‍ സഹിതമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചർമത്തിലെ മറുകുകള്‍ പരിശോധിക്കണമെന്ന് ഓർമിപ്പിക്കുകയാണ് താനെന്നും അദ്ദേഹം പറയുന്നു. ബേസല്‍ സെല്‍ കാർസിനോമയാണ് തന്നെ ബാധിച്ചതെന്നും തലയില്‍ നിന്ന് അത് നീക്കംചെയ്തുവെന്നും കെവിൻ പറഞ്ഞു. ഇത്തരത്തിലുള്ള മറുകുകള്‍ കണ്ടാല്‍ നിസ്സാരമാക്കിവിടാതെ നിർബന്ധമായി പരിശോധിച്ചിരിക്കണമെന്നും കെവിൻ വീഡിയോയുടെ അവസാനത്തില്‍ പറയുന്നുണ്ട്.
അടുത്തിടെ ഓസ്ട്രേലിയൻ അഭിനേതാവായ ഹ്യൂ ജാക്മാനും ബേസല്‍ സെല്‍ കാർസിനോമ ബാധിച്ചതിനേക്കുറിച്ച് പങ്കുവെച്ചിരുന്നു.
എന്താണ് ബേസല്‍ സെല്‍ കാർസിനോമ?
ചർമത്തെ ബാധിക്കുന്ന കാൻസറാണിത്. ചർമത്തിലെ പഴയ കോശങ്ങള്‍ നശിക്കുന്ന മുറയ്ക്ക് പുതിയവ ഉത്പാദിപ്പിക്കുന്ന ഒരുതരം കോശമാണ് ബേസല്‍ സെല്‍. ചർമത്തില്‍ ചെറിയൊരു വീക്കമായാണ് പലപ്പോഴും ഇവ പ്രത്യക്ഷപ്പെടുക. സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് ബേസല്‍ സെല്‍ കാർസിനോമ കൂടുതലും ബാധിക്കുക. അള്‍ട്രാവയലറ്റ് റേഡിയേഷന് ഏറെനേരം വിധേയമാകുന്നതു വഴിയാണ് രോഗസാധ്യത വർധിക്കുന്നത്. ചർമത്തിലെ ബേസല്‍ സെല്ലുകളുടെ ഡിഎൻഎയില്‍ വ്യതിയാനം സംഭവിക്കുന്നതാണ് കാൻസറിലേക്ക് വഴിവെക്കുന്നത്.
ലക്ഷണങ്ങള്‍
ചർമത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്ന് രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചർമത്തിലെ വീക്കമോ ഏറെ നാളായിട്ടും ഉണങ്ങാത്ത മുറിവോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. പിങ്ക് നിറത്തിലോ പേളീ വൈറ്റ് നിറത്തിലോ ആവും വീക്കം പ്രകടമാവുക. ഇരുണ്ട ചർമക്കാരില്‍ ബ്രൗണ്‍ നിറത്തിലോ ഗ്ലോസി ബ്ലാക്ക് നിറത്തിലോ ആയിരിക്കും. വീക്കത്തില്‍ നിന്ന് ചിലപ്പോള്‍ രക്തസ്രാവവും കണ്ടേക്കാം. കറുപ്പ്, ബ്രൗണ്‍, നീല നിറങ്ങളിലുള്ള ക്ഷതത്തിന്റെ പാടുകള്‍ തുടങ്ങിയവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്.
അപകടസാധ്യതകള്‍
ഏറെ നേരം വെയില് ഏല്‍ക്കുന്നത് രോഗസാധ്യത വർധിപ്പിക്കും. വെളുത്ത ചർമക്കാരില്‍ ഈ കാൻസറിനുള്ള സാധ്യത കൂടുതലാണ്. നേരത്തേ ബേസല്‍ സെല്‍ കാർസിനോമ വന്നവരില്‍ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ചർമത്തില്‍ കാൻസർ ഉണ്ടെങ്കിലും ബേസല്‍ സെല്‍ കാൻസർ വരാനിടയുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന വിധത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരിലും ഈ കാൻസർ സാധ്യതയുണ്ട്. ആർസെനിക് എന്ന കെമിക്കലുമായി ഇടപഴകുന്നവരിലും രോഗസാധ്യതയുണ്ട്. ഒപ്പം അപൂർവമായ ചില ജനിതകരോഗങ്ങളും ബേസല്‍ സെല്‍ കാർസിനോമ സാധ്യത കൂട്ടുന്നു.
രോഗം ചികിത്സിച്ചു ഭേദമാക്കിയാലും ഇടയ്ക്കിടെ വരാനിടയുണ്ട് എന്നതും ഒരിക്കല്‍ ബേസല്‍ സെല്‍ കാർസിനോമ വന്നുകഴിഞ്ഞാല്‍ squamous cell carcinoma പോലുള്ള മറ്റ് ചർമത്തെ ബാധിക്കുന്ന കാൻസറുകള്‍ക്ക് സാധ്യതയുണ്ട് എന്നതും വെല്ലുവിളിയാണ്. വളരെ അപൂർവമായി ബേസല്‍ സെല്‍ കാൻസർ എല്ലുകള്‍, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാറുണ്ട്.
പ്രതിരോധം
- കടുത്ത വെയില് ഏല്ക്കാൻ ഇടയുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. ജോലിസമയം അതിനനുസരിച്ച് ക്രമീകരിക്കാൻ ശ്രമിക്കുക.
- പുറത്തിറങ്ങുമ്ബോള്‍ സണ്‍സ്ക്രീൻ ക്രീം തേക്കുന്നത് ശീലമാക്കുക. SPF30 എങ്കിലും ഉള്ള സണ്‍സ്ക്രീനുകള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഓരോ രണ്ടുമണിക്കൂറിനിടയിലും അവ പുരട്ടാൻ ശ്രദ്ധിക്കുക.
- അമിത വെയില് ഏല്‍ക്കാതിരിക്കാൻ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിലും ശ്രദ്ധ വേണം. കൈകാലുകളും മറ്റും മറഞ്ഞിരിക്കും വിധത്തില്‍ അമിത സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം വസ്ത്രമാണ് ധരിക്കേണ്ടത്.
- ചർമത്തില്‍ അസ്വാഭാവികമായ ലക്ഷണങ്ങളും മാറ്റങ്ങളും കണ്ടാലുടൻ വിദഗ്ധ ഉപദേശം തേടുക.