കേരളത്തിലെ ഏറ്റവും കഴിവ് കെട്ട വകുപ്പ് ആയി മാറിയോ ആരോഗ്യ വകുപ്പ്?
ആദ്യം സംഭവിക്കുന്നത് അശ്രദ്ധ ; അശ്രദ്ധ തുടർക്കഥ ആയാലോ?
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം കേരളത്തിൽ സൃഷ്ടിച്ച കോളിളക്കം ചെറുതല്ലായിരുന്നു .. എന്നാൽ ആ വിഷയത്തിൽ ആരോഗ്യവകുപ്പ് തുടക്കം മുതൽ സ്വീകരിച്ച നിലപാട് കുറ്റക്കാരായ ഡോക്ടർമാരെ സംരക്ഷിക്കുന്ന രീതിയിൽ ആയിരുന്നു . ആ വലിയ ദുരനുഭവം നേരിട്ട പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ മൂന്ന് പ്രസവ ശസ്ത്രക്രിയകളും സർക്കാർ ആശുപത്രികളിൽ നിന്നാണ് നടത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തെങ്കിലും ഇത് എവിടെനിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനാവില്ല എന്നായിരുന്നു ഈ വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് ഉള്ള കാര്യം പൊലീസ് ശാസ്ത്രീയമായി കണ്ടെത്തി. പക്ഷെ പോലീസിന്റെ ഈ റിപ്പോർട്ട് അംഗീകരിക്കാനും മെഡിക്കൽ ബോർഡ് തയാറായില്ല.
പിന്നീട് ഹർഷിനയും സമരസമിതിയും പ്രതിഷേധം ശക്തമാക്കിയതോടെ അന്വേഷണവുമായി മുന്നോട്ടു പോകാൻ പൊലീസിന് സർക്കാർ അനുവാദം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല . ചികിത്സയിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ചികിത്സാ പിഴവിൽ നീതി തേടി ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിൽ സമരം നടത്തുന്നതിനിടെയായിരുന്നു ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംരക്ഷണത്തിന് കൂടുതൽ ശക്തമായ നിയമം നിയമസഭ പാസാക്കിയത്.
ഇത് പോലെ തന്നെ ഒട്ടും സന്തോഷത്തോടെ അല്ല നമ്മൾ ആരുംഇന്നലത്തെ ആ വാർത്ത കേട്ടതും , ഉൾക്കൊണ്ടതും . സന്തോഷത്തോടെ അല്ല എന്ന് പറഞ്ഞാൽ ശക്തമായാ എതിർപ്പും ,വിമർശനവും തന്നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിച്ച ഗുരുതര അശ്രദ്ധയിൽ പറയാനുള്ളത് . ഒരിക്കൽ സംഭവിക്കുന്നത് അശ്രദ്ധ കൊണ്ടാണെന്ന് പറയാം ,, അതൊരു തുടർക്കഥ ആകുന്നുണ്ടെകിൽ കഴിവ് കെട്ട ഒരു വകുപ്പ് നയിക്കുന്നത് കൊണ്ട് മാത്രം ആണെന്നെ പറയാൻ സാധിക്കൂ ..
ഇത്തരത്തിലുള്ള ഗുരുതര പിഴവുകൾ ആവർത്തിക്കുമ്പോഴും ബന്ധപ്പെട്ട ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് അമാന്തം കാണിക്കുന്നത് തന്നെയാണ് സമാന സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത് .
കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.സി.യു പീഡനവും ശസ്ത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവെച്ച സംഭവവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെ, അവയവം മാറി ശസ്ത്രക്രിയ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് രോഗികളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നത് . അത് സർക്കാർ ആശുപത്രികളിൽ ആയാലും , സ്വകാര്യ ആശുപത്രികളികും ആയാലും ഇതുതന്നെയാണ് അവസ്ഥ.
ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയാൽപോലും ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് തയാറാവുന്നില്ല. ഡോക്ടർമാരുടെ സംഘടനകളിൽനിന്നുള്ള സമ്മർദമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
ചികിത്സാ പിഴവിൽ രോഗികൾക്കും നീതി ലഭിക്കുന്നതിന് ആവശ്യമായ നിയമം ഉണ്ടാവണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നെങ്കിലും സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐ.സി.യുവിൽ യുവതി പീഡനത്തിന് ഇരയായ കേസിലും കുറ്റക്കാരായ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിച്ചത്.
ഒരു വർഷം മുമ്പ് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയ കേസിലും സമാനമായിരുന്നു അവസ്ഥ. ചികിത്സ പിഴവ് കാരണം സ്വകാര്യ ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവത്തിൽ വാദികൾ പ്രതികളാവുന്ന അവസ്ഥയും ഉണ്ടായി.
താമരശ്ശേരിയിൽ ഗർഭിണിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചതിലും കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി ഉണ്ടായിട്ടില്ല. ഇത്തരം കേസുകളിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് തയാറായാക്കിയാലും കുറ്റവിചാരണ നടപടികളുമായി മുന്നോട്ടുപോകാൻ മെഡിക്കൽ ബോർഡിന്റെ അനുമതി വേണം.
ഇതിനായി ജില്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് ചേരുമ്പോൾ പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളി ഡോക്ടർമാർക്ക് ശുദ്ധിപത്രം നൽകുകയാണ് പതിവ്.
മെഡിക്കൽ ബോർഡിൽ പൊലീസ് ഉദ്യോഗസ്ഥനും സർക്കാർ പ്രോസിക്യൂട്ടറും മാത്രമേ ആരോഗ്യവകുപ്പിന് പുറത്തുനിന്നുള്ള അംഗങ്ങൾ ഉണ്ടാകൂ എന്നതിനാൽ ആരോഗ്യവകുപ്പ് മേധാവികളുടെ തീരുമാനം അംഗീകരിക്കപ്പെടുകയാണ് പതിവ്. ബോർഡ് അംഗങ്ങളുടെ വിന്യാസത്തിൽ മാറ്റംവരുത്തിയാലേ ചികിത്സ പിഴവ് കേസുകളിൽ രോഗികൾക്ക് നീതി ലഭിക്കുകയുള്ളൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.