തൃശ്ശൂരില് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ ഏറ്റവരുടെ എണ്ണം 227 ആയി
പെരിഞ്ഞനം: പെരിഞ്ഞനത്തെ ഹോട്ടലില്നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 227 ആയി. ഇതില് 49 പേർ വിവിധ ആശുപത്രികളില് ചികിത്സയിലാണ്.
33 പേർ കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തില് ചൊവ്വാഴ്ച മാത്രം ചികിത്സ തേടി. ഇതില് ഹോട്ടലിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരുമുണ്ട്.
പാലക്കാട്, എറണാകുളം ജില്ലകളിലുള്ളവർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. വീട്ടമ്മ മരിച്ച സംഭവം അറിഞ്ഞതോടെയാണ് രോഗലക്ഷണങ്ങള് പ്രകടമായവർ ആശുപത്രികളിലെത്തുന്നത്. അതിനാല്, എണ്ണം ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
പലർക്കും വളരെ വൈകിയാണ് ലക്ഷണങ്ങള് പ്രകടമാകുന്നത്. പനിയും ഛർദിയും വയറിളക്കവുമായാണ് ഭൂരിഭാഗം പേരും ചികിത്സതേടുന്നത്.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും പരിശോധന നടത്തി ഹോട്ടല് അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യ സുരക്ഷ അധികൃതർ ഭക്ഷണത്തിന്റെ സാമ്ബിളുകള് ശേഖരിച്ചു. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ. കഴിഞ്ഞദിവസം ജില്ല മെഡിക്കല് ഓഫിസില്നിന്ന് ഐ.ഡി.എസ്.പി ഓഫിസർ ഡോ. ഗീത, എപ്പിഡമോളജിസ്റ്റ് കല എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല് സംഘമെത്തി ഹോട്ടലില് തെളിവെടുപ്പ് നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല് പ്രവർത്തിച്ചിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് കയ്പമംഗലം പൊലീസിലും പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നല്കിയിട്ടുണ്ട്. ഹോട്ടല് അധികൃതർക്കെതിരെ നിയമ നടപടി ഉള്പ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.