കരളിനെ കരുതലോടെ കാക്കാം ;കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതെല്ലാം
നമ്മുടെ ശരീരത്തിലെ 500-ലേറെ പ്രവർത്തനങ്ങൾ ചെയ്യുന്നത് കരളാണ്. രക്തം ശുദ്ധീകരിക്കുന്നതും വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ കരൾ വഹിക്കുന്ന പങ്ക് എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാക്കാം. ദഹനത്തെ സഹായിക്കുന്നതിനായി പിത്തരസം ഉത്പാദിപ്പിക്കുന്നതും ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യാൻ സഹായിക്കുന്നതും നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരളാണ്.
അനാരോഗ്യകരമായ ഒരു ജീവിതശൈലിയാണ് നമ്മൾ പിന്തുടരുന്നതെങ്കിൽ, അത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കും. ശരീരത്തിൽ ഇത്രയറെ പ്രവർത്തനങ്ങൾ ചെയ്യുന്ന കരളിനെ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. കരളിനെ സാരമായി ബാധിക്കുന്ന ചില ദുശീലങ്ങളെ കുറിച്ച് അറിയാം.
- മദ്യപാനം കരൾ വീക്കത്തിനും ഫാറ്റി ലിവറിനും കാരണമാകും. വിഷാംശത്തെ ഇല്ലാതാക്കാനുള്ള കരളിന്റെ കഴിവിനെയും മദ്യപാനം ബാധിക്കുന്നു.
2.നിർജലീകരണവും കരളിനെ ബാധിക്കും. കരളിന്റെ പ്രവർത്തനത്തിന് വെള്ളം ആവശ്യമാണ്. എല്ലാ ദിവസവും ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് അത്യാന്താപേക്ഷിതമാണ്. ഇതിലൂടെയാണ് പിത്തരസം ഉൾപ്പടെയുള്ള സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ എനർജി ഡ്രിങ്കുകൾ, സപ്ലിമെന്റുകൾ എന്നിവ അമിതമായി ഉപയോഗിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും.
കരളിനെ ബാധിക്കുന്ന മറ്റൊരു കാര്യം ഉറക്കമാണ്. വൈകിയുള്ള ഉറക്കവും, ഉറക്കമില്ലായ്മയും കരളിൽ സമ്മർദ്ദം ചെലുത്താൻ കാരണമാകും. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും.
.പഞ്ചസാരയുടെ അമിത ഉപയോഗമാണ് അടുത്ത കാരണം. പ്രിസർവേറ്റീവുകളും പഞ്ചസാരയും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ കരളിന് പ്രോസസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അത് ഫാറ്റി ലിവർ എന്ന രോഗാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യും.
വ്യായാമക്കുറവും കരളിന്റെ ആരോഗ്യത്തെ ബാധിക്കും. വ്യായാമം ഇല്ലാത്തവരുടെ ആന്തരിക അവയവങ്ങൾ കഠിനമായി പ്രവർത്തിക്കേണ്ടി വരും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിലും അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇൻസുലിൻ പ്രതിരോധത്തിനും വ്യായാമമില്ലായ്മ കാരണമായി മാറും. ഇതും ഫാറ്റി ലിവർ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ജങ്ക് ഫുഡ്ഡുകൾ ശീലമാക്കിയ ആളുകളിൽ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുമൊക്കെ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ലിവർ സിറോസിസ്, കരളിലെ കാൻസർ എന്നിവയ്ക്ക് വരെ കാരണമാകും.
ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമായ ഒന്നാണ് പുകവലി. പുകവലി മൂലം ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ എന്നീ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും.
ഇനി കരളിനെ ആരോഗ്യകരമായ നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം..
നാരങ്ങ നീര് ചേർത്ത് ചെറുചൂടുള്ള വെള്ളം കുടിച്ച് ഒരു ദിവസം ആരംഭിക്കുക.
ദിവസവും കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളം കുടിക്കുക. ഈ വെള്ളം കുടിക്കുന്നത് കരളിനെയും വൃക്കകളെയും ശുദ്ധീകരിക്കാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഒരു ഗ്ലാസ് ക്യാരറ്റ്, ബീറ്റ്റൂട്ട്, ചീര ജ്യൂസ് എന്നിവ കുടിക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് ഗോതമ്പ് ഗ്രാസ് ജ്യൂസ് കുടിക്കുക. ഇവ രണ്ടും ശക്തമായ കരൾ ശുദ്ധീകരണമാണ്.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഭക്ഷണത്തിന്റെ 40% എങ്കിലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. കാരണം, ഇത് ദഹനത്തെ സഹായിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കരളിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കരളിന്റെ ആരോഗ്യം നിലനിർത്താൻ ശുദ്ധീകരിച്ച പഞ്ചസാരയും മൈദയും ഒഴിവാക്കുക. സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.കാരണം, ഇതിലെ പൂരിത കൊഴുപ്പുകൾ കരളിനെ ബാധിക്കും.