ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തില്‍ മാംസാഹാരം പൊതിഞ്ഞു നല്കി; യുപിയില്‍ മുസ്ലീം ഹോട്ടല്‍ ഉടമ അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തില്‍ മാംസാഹാരം പൊതിഞ്ഞു നല്കിയ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ പ്രവര്‍ത്തിക്കുന്ന മെഹക്ക് റസ്റ്റോറന്റ് ഉടമയായ മുഹമ്മദ് താലിബ് ഹുസൈനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് കൈലാഷ് ഗുപ്ത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുഹമ്മദ് താലിബ് ഒരു സ്ക്രാപ്പ് ഷോപ്പില്‍ നിന്നും പത്രങ്ങള്‍ വാങ്ങിയിരുന്നതായും ഹോട്ടലില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ഷങ്ങളായി ആഹാരം പൊതിഞ്ഞു നല്‍കുന്നത് പത്രകടലാസിലാണെന്നും ഹോട്ടലിലെ ജീവനക്കാരന് പറയുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്ളതായി തങ്ങള്‍ മനസിലാക്കിയിരുന്നില്ലെന്നും ആരുടേയും വികാരം വൃണപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫേയ്സ്ബുക്കിലൂടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് താലിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ അറസ്റ്റുചെയ്യാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ താലിബ് കത്തി വീശാന്‍ ശ്രമിച്ചതായും എഫ് ഐ ആറില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-എ, 295-എ, 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Content Highlights – man arrested, hurting religious sentiments