മൂന്നാറിൽ കളക്ടറുടെ വാഹനം തടഞ്ഞ കന്നുകാലികൾ ‘കസ്റ്റഡിയിൽ’; പിഴയടപ്പിച്ച ശേഷം മോചനം

മൂന്നാര്‍ ടൗണില്‍ കന്നുകാലികൾ കളക്ടറുടെ വാഹനം തടഞ്ഞു. ടൗണിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളാണ് ഔദ്യോഗിക കാര്യങ്ങള്‍ക്കായി പഴയമൂന്നാറില്‍ എത്തിയ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ വാഹനം പോകുന്നതിന് തടസം സൃഷ്ടിച്ചത്. എതിര്‍ദിശയില്‍ നിന്നും എത്തിയ മറ്റ് വാഹനങ്ങളുടെ ഹോൺ മുഴക്കി കാലികളെ മാറ്റിയതിന് ശേഷമാണ് കളക്ടര്‍ക്ക് കടന്നുപോകാന്‍ കഴിഞ്ഞത്.
കളക്ടറുടെ ഓഫീസ് ഉടൻ തന്നെ സംഭവം ബന്ധപ്പെട്ടവരെ അറിയിക്കുകയും തുടർന്ന് പഞ്ചായത്ത് അധികൃതര്‍ ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ച് തടസ്സം സ്യഷ്ടിച്ച പശുക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഉച്ചയോടെ പശുക്കളെ തേടിയെത്തിയ ഉടമകളിൽ നിന്നും പിഴ ഈടാക്കുകയും ഇനി പശുക്കളെ നിരത്തില്‍ ഇറക്കിവിടില്ലെന്ന ഉറപ്പ് വാങ്ങുകയും ചെയ്ത ശേഷവുമാണ് കാലികളെ പഞ്ചായത്ത് അധികൃതര്‍ വിടാന്‍ തയ്യറായത്.
മൂന്നാർ ടൗണിൽ ഗതാഗത തടസ്സം സ്യഷ്ടിച്ച് നിരവധി പശുക്കളാണ് അലഞ്ഞുനടക്കുന്നത്. മൂന്നാറിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ പശുക്കളാണിവ. പശുക്കളെ അഴിച്ചുവിടുന്ന ആളുകള്‍ക്കെതിരെ ആരും നടപടികള്‍ സ്വീകരിക്കാറില്ല എന്നതിനാൽ പശുക്കൾ ടൗണിൽ സ്വൈര്യവിഹാരം തുടരുകയാണ്.