നിലമ്പൂർ -ഷൊർണൂർ പാതയിൽ പാസഞ്ചർ തീവണ്ടികൾ തിരിച്ചെത്തുന്നു; സമയക്രമത്തിൽ വ്യത്യാസം
ഷൊർണുർ-നിലമ്പൂർ റെയിൽപാതയിൽ രണ്ട് വർഷത്തിന് ശേഷം ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുന്നു. ഇന്നലെ രണ്ട് ട്രെയിനുകൾ സർവീസ് ആരംഭിച്ചു. ഇരുവശത്തേക്കുമുള്ള ശേഷിച്ച നാല് സർവീസുകൾ ജൂലൈ 1ന് തുടങ്ങുമെന്ന് റെയിൽവേ അറിയിക്കുന്നു. എന്നാൽ ട്രെയിനുകളുടെ സമയ മാറ്റമാണ് യാത്രക്കാരെ വലയ്ക്കുന്നത്.
രാവിലെ 9:10ന് നിലമ്പൂരിൽ നിന്നും പുറപ്പെട്ടിരുന്ന ട്രെയിനിൻ്റെ സമയം 10:10 ആക്കിയതോടെ ഷൊർണൂരിലെത്തി എറണാകുളം ഭാഗത്തേക്കും മറ്റും പോകാനുള്ള അനേകം യാത്രക്കാർ ബുദ്ധിമുട്ടിലാകും. ശബരി എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിൽ പോകാനായി നൂറു കണക്കിന് യാതക്കാരായിരുന്നു നിലമ്പൂർ ഭാഗത്ത് നിന്നും പാസഞ്ചർ തീവണ്ടിയിൽ ഷൊർണൂരിൽ എത്തിയിരുന്നത്.
കൂടാതെ വൈകിട്ട് 5:10ന് നിലമ്പൂർ നിന്ന് പുറപ്പെട്ടിരുന്ന പാലക്കാട് തീവണ്ടിയുടെ സമയം ഒരുമണിക്കൂർ നേരത്തെ ആക്കിയത് രാവിലെ പാലക്കാട് ഭാഗത്ത് നിന്ന് വന്ന വിദ്യാർഥികളും ജീവനക്കാരുമടക്കമുള്ളവർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
ഈ രണ്ട് ട്രെയിനുകളുടെയും സമയത്തിൽ അത്യാവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം കൂട്ടായ്മ നടത്തുന്ന നിവേദന ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് അങ്ങാടിപ്പുറം സ്റ്റേഷൻ സൂപ്രണ്ട് ശ്രീ അൻവറിന് നിവേദനം നൽകിക്കൊണ്ടാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. കൂട്ടായ്മയുടെ അഡ്മിൻ സലിം ചുങ്കത്ത് ആണ് നിവേദനം നൽകിയത്.