കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്കൂളിൽ പോകാമെങ്കിൽ കോടതിക്ക് എന്തുകൊണ്ട് 9 മണിക്ക് തുടങ്ങിക്കൂടാ; ചോദ്യവുമായി സുപ്രിംകോടതി ജസ്റ്റിസ്
കുട്ടികൾക്ക് രാവിലെ ഏഴ് മണിക്ക് സ്കൂളിൽ പോകാൻ തയ്യാറാകാമെങ്കിൽ എന്തുകൊണ്ട് ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതിയിൽ ഒമ്പതുമണിക്ക് എത്തിക്കൂടായെന്ന് സുപ്രിംകോടതി ജസ്റ്റിസ് ഉദയ് യു ലളിത്. സാധാരണയായുള്ള പ്രവൃത്തിദിവസങ്ങളിൽ സുപ്രിംകോടതി ബെഞ്ചുകൾ രാവിലെ 10.30 ന് ഒത്തുകൂടി തുടർന്ന് വൈകുന്നേരം 4 മണി വരെയാണ് സമയം. ഈ സമയത്തിനുള്ളിൽ ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ ഒരു മണിക്കൂർ ഉച്ചഭക്ഷണ ഇടവേളയുമുണ്ടാകാറുണ്ട്.
പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ജസ്റ്റിസ് ലളിത് വെള്ളിയാഴ്ച രാവിലെ 9.30 ന് സീറ്റിലെത്തുകയും കേസുകൾ കേൾക്കാൻ തുടങ്ങുകയും ചെയ്തു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെടെയുള്ള ബെഞ്ചായിരുന്നു കേസ് കേട്ടത്. ജാമ്യാപേക്ഷയിൽ ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി നേരത്തെ എത്തിയ ബെഞ്ചിനെ അഭിനന്ദിച്ചു. ഈ സമയം 9.30 കോടതികൾ ആരംഭിക്കുന്നതിന് കൂടുതൽ ഉചിതമായ സമയമാണെന്നും മുകുൾ റോത്തഗി അഭിപ്രായപ്പെട്ടു.
Content Highlights: Children, School, Court, Supreme Court, Justice