500 രൂപയ്ക്ക് എല്‍പിജി, സൗജന്യ വൈദ്യുതി, വിദ്യാര്‍ത്ഥികള്‍ക്ക് മാസം 1500 രൂപ; നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകര്‍ഷക വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്
നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകള്‍ക്ക് മാസം 1500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് എല്‍ പി ജി സിലിണ്ടര്‍, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണിവ.
ഇന്ന് ഉച്ചയോടെ കോണ്‍ഗ്രസ് പത്രിക പുറത്തിറക്കുമെന്നാണ് വിവരം. ‘വചൻ പത്രിക’ എന്ന് പേര് നല്‍കിയിരിക്കുന്ന പ്രകടനപത്രിക പുറത്തിറക്കുന്നത് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ കമല്‍ നാഥ്, എ ഐ സി സി ജനറല്‍ സെക്രട്ടറി റണ്ന്ദീപ് സുര്‍ജേവാല എന്നിവര്‍ ചേര്‍ന്നായിരിക്കും.
സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുകയെന്നതാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്ദാനം. വാര്‍ദ്ധക്യ പെൻഷൻ, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍, ഒന്ന് മുതല്‍ എട്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസം 500 രൂപ ധനസഹായം, ഒൻപത്, പത്ത് ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ, പതിനൊന്ന്, പന്ത്രണ്ട് ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് 1500 ധനസഹായം എന്നീ വാഗ്ദാനങ്ങളും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉണ്ടെന്നാണ് വിവരം.
മദ്ധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളിലേക്കുള്ള പോളിംഗ് നിശ്ചയിച്ചിരിക്കുന്നത് നവംബര്‍ 17നാണ്. ഒറ്റ ഘട്ടമായാണ് പോളിംഗ് നടക്കുക. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണും.