ഉഭയ സമ്മതപ്രകാരമുള്ള ബന്ധം, പക്ഷേ പെണ്‍കുട്ടിയ്ക്ക് 18 വയസ് തികഞ്ഞിരുന്നില്ല; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ പീഡനത്തിന് ഇരയായെന്ന് പോലീസ്, മുൻസുഹൃത്തിനെതിരെ തെളിവുകള്‍
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പെണ്‍കുട്ടിയെ മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയ്ക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപാണ് പീഡന നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ സുഹൃത്ത് ബിനോയിയുടെ ഫോണില്‍ നിന്ന് ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ഇയാളെ ഇന്നല തന്നെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡിലയച്ചിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അഞ്ച് മാസം മുമ്ബാണ് ഇവർ തമ്മില്‍ ബന്ധം വേർപിരിയുന്നത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ആ സമയത്ത് 18 വയസ് തികഞ്ഞിരുന്നില്ല. അതിനാലാണ് ബിനോയിക്കെതിരെ പോക്സോ ചുമത്തിയത്.
പെണ്‍കുട്ടിയെ പല തവണ ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശമാണ് കേസില്‍ നിർണായകമായത്. സൈബർ ആക്രമണമല്ല മരണകാരണമെന്ന് കുടുംബം പറയുമ്ബോഴും, ഇതും മരണകാരണമായേക്കാം എന്ന നിഗമനം പൊലീസ് തള്ളിക്കളയുന്നില്ല. വരും ദിവസങ്ങളിലും അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും.