പ്രതിയെ കണ്ടതോടെ പേടിച്ച് കരഞ്ഞ് കുട്ടി; ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പെണ്‍കുട്ടി
ആലുവ: എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പെരുമ്ബാവൂർ പോക്സോ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ക്രിസ്റ്റല്‍ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്.
പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
നേരത്തെ പ്രതിയെ വീഡിയോ കോണ്‍ഫറൻസിലൂടെ ഹാജരാക്കിയപ്പോള്‍ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. തുടർന്നാണ് പ്രതിയെ ഇന്ന് പെരുമ്ബാവൂർ പോക്സോ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയെ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. കേസിന്റെ മറ്റ് നടപടിക്രമങ്ങള്‍ക്കായി 12ന് വീണ്ടും കേസ് പരിഗണിക്കും.
2023 സെപ്റ്റംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്ത എത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോള്‍ തട്ടിക്കൊണ്ടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റല്‍ രാജ് ആണ് നിലവില്‍ കേസിലെ പ്രതി. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാനാണ് പ്രതി ശ്രമിച്ചത്. രാത്രിയോടെ ട്രെയിനില്‍ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. രണ്ടാം പ്രതി ബംഗാള്‍ മുർഷിദാബാദ് റോയി പാര സ്വദേശി മൊസ്താക്കിൻ മൊല്ല (32) ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വീട് കാണിച്ചുകൊടുക്കുകയും വീട്ടില്‍ വീട്ടില്‍നിന്ന് മോഷ്ടിച്ച ഫോണ്‍ കൈവശം വയ്ക്കുകയും ചെയ്തത് രണ്ടാം പ്രതിയാണ്.