പാരഡി ഗാനം എഴുതിയവനെ പിടിക്കാതെ, സ്വർണ്ണം കട്ടവനെ പിടിക്കണം: എന്നെ കള്ളനെന്ന് വിളിക്കാതിരിക്കാമോ എന്ന് കടകംപള്ളി സുരേന്ദ്രൻ
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ പ്രചരിച്ച ഒരു പാരഡി ഗാനമാണ് പോറ്റിയെ, കേറ്റിയെ എന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തുകുയാണ് ഈ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡിപ്പാട്ട്.
ഈ പാട്ടിനെതിരെ അന്വേഷണം വരുകയാണ്. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. പരാതി എ.ഡി.ജി.പിക്ക് കൈമാറി.
ഇതിൽ കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സി.പി.എമ്മും നടപടി ആവശ്യപ്പെട്ടിരുന്നു. ഉണ്ണിക്കൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റി, അങ്ങനെ സ്വര്‍ണം ചെമ്പായി മാറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്. പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണം, രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നുമൊക്കെ പരാതിയിൽ പറയുന്നുണ്ട്.
ഈ പാരഡി പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ അപമാനിക്കുന്നതും നിന്ദിക്കുന്നതും ആണെന്ന് കൂടി പരാതിയുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പരാതി. പാരഡി ഗാനത്തിന് എതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഎമ്മിന്റെയും ആവശ്യം.
പാരഡി എന്നത് തന്നെ മറ്റൊരു ഗാനത്തിൻറെ സമാനമായ രീതിയിൽ വരികൾ മാറ്റി എഴുതുന്നതാണ്. അതിപ്പോൾ അയ്യപ്പൻ മാത്രമല്ല, ഉണ്ണിയേശു, മലയാറ്റൂർ മുത്തപ്പൻ വരെ ആ തരത്തിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്.
ഓണത്തിന് മാവേലി എന്ന് ബഹുമാനത്തോടെ പറഞ്ഞവർ, പിന്നീട് ദേ മാവേലി കൊമ്പത്ത് എന്ന പാരഡി കാസറ്റിനായി കാത്തിരുന്നിട്ടുണ്ട്.
അന്തരിച്ച ഇന്നസെന്റിന്റെ ശബ്ദത്തിൽ നാദിര്‍ഷയും ദിലീപും ചേർന്ന് മാവേലിയെ കോമഡി പീസാക്കിയപ്പോൾ ഒരു പരാതിയും ഉണ്ടായിരുന്നില്ല. അത് എല്ലാ ജാതി മതത്തിലുള്ളവരും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് പാരഡി രചന ഒരു മഹാ അപരാധമൊന്നുമല്ല. മുദ്രാവാക്യം വിളി കുറച്ച് താളാത്മകമായി മാറ്റിയെടുത്തു എന്ന് കരുതിയാൽ മതി. പാട്ട് എഴുതിയവനെ പിടിക്കാനല്ല പോലീസ് ഓടേണ്ടത്. സ്വർണ്ണം കട്ടവരെ പിടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
ശബരിമല സ്വർണ്ണകൊള്ളയിൽ മറ്റൊരു സംഭവം എന്തെന്നാൽ, എന്നെ സ്വർണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാൻ പറ്റുമോ എന്നാണ് പ്രതിപക്ഷ നേതാവിനോട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചോദിക്കുന്നത്.
ശബരിമല സ്വർണ്ണകൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിൽ കടകംപള്ളി നൽകിയ മാനനഷ്ടക്കേസിലെ കോടതി വാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
ശബരിമലയിലെ സ്വർണ്ണം കട്ട കേസിൽ ജീവനക്കാരെയോ, രാഷ്ട്രീയ നേതാക്കളെയോ വിമർശിക്കുന്നതിന് താൻ എതിരല്ല. എന്നാൽ തന്നെ സ്വർണം കട്ടവനെന്ന് വിളിക്കരുതെന്നാണ് കടകംപള്ളി ഉന്നയിച്ച ആവശ്യം. ഇത്തരം ആരോപണങ്ങൾ കേട്ട് സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാനാകുന്നില്ലാ എന്നാണ് കടകംപള്ളി പറയുന്നത്.
എന്നാൽ ഈ ആവശ്യം പരിഗണിക്കാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് അത് വി ഡി സതീശനോട് ചോദിച്ച ശേഷമേ പറയാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മറുപടി നൽകി. ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും, അതൊന്നും തന്നെ മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും കൂടി സതീശന്റെ വക്കീൽ കോടതിയെ അറിയിച്ചു.
പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം തേടി കടകംപള്ളി സമർപ്പിച്ച ഹർജി തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്. മാനനഷ്ടകേസിനെതിരെ സതീശൻ തടസ ഹർജി നൽകിയിരുന്നു. സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18ലേക്ക് മാറ്റിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്പം ഇതരസംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആർക്കാണ് വിറ്റതെന്ന് അന്നത്തെവകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളിക്ക് അറിയാമെന്നുമാണ് സതീശൻ നേരത്തെ പറഞ്ഞത്. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമല സ്വർണ്ണക്കൊള്ള നടന്നതെന്നാണ് ആരോപണം.
അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയിലും കടകംപള്ളി എന്ന പേര് ഉണ്ടായിരുന്നു. അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ അറിയാതെ, സ്വർണ്ണപാളികൾ അറ്റകുറ്റ പണിക്ക് കൊണ്ടുപോകാനുള്ള അപേക്ഷ ദേവസ്വം ബോർഡിലേക്ക് എത്തില്ലെന്നും ആ അപേക്ഷയിന്മേലാണ് തുടർ നടപടി സ്വീകരിച്ചതെന്നും പത്മകുമാർ മൊഴി നല്‍കിയിട്ടുണ്ട്.













