അയ്യപ്പൻ, അള്ളാഹു, ശ്രീനാരായണഗുരു, ശ്രീരാമൻ എന്നീ പേരുകളിൽ സത്യപ്രതിജ്ഞ; എന്നാൽ ഇരിട്ടിയിൽ അള്ളാഹുവിൻറെ പേരിൽ പ്രതിജ്ഞയെടുത്ത SDPI അംഗത്തെ തടഞ്ഞ് വരണാധികാരി
ഇന്നലെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ പലയിടത്തും വ്യത്യസ്തമായിരുന്നു.
അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്ത ഒരു അംഗത്തെ വീണ്ടും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിച്ച സംഭവവും ഉണ്ടായി. ഇരിട്ടി നഗരസഭയിലെ നരയൻപാറ വാർഡിൽനിന്ന് വിജയിച്ച എസ്ഡിപിഐ അംഗം പി. സീനത്താണ് ആദ്യം അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത്. അതിനുശേഷം ഒപ്പിടാൻ വന്ന സമയത്ത് വരണാധികാരി ഇടപെടുകയും, സീനത്തിനോട് വീണ്ടും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വരണാധികാരി പറഞ്ഞത് പോലെ അംഗീകരിച്ച സീനത്ത് വീണ്ടും ഈശ്വരനാമത്തിൽ പ്രതിജ്ഞയെടുത്തു. അതേപോലെ ഇരിട്ടി വാർഡിൽനിന്ന് വിജയിച്ച മുസ്ലിം ലീഗ് അംഗം വി.പി. അബ്ദുൾ റഷീദ് സത്യവാചകത്തിൽ ദൈവനാമത്തിൽ എന്ന് പറഞ്ഞപ്പോൾ അവിടെയും വരണാധികാരി ഇടപെടുകയും ഈശ്വരനാമത്തിൽ എന്ന് മാറ്റി പറയാൻ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ എസ്ഡിപിഐ അംഗങ്ങളും കോൺഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങളും വരണാധികാരിയുടെ ഈ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. ചട്ടത്തിൽ ഈശ്വരനാമത്തിൽ എന്ന് പറയുന്നത് കൊണ്ടാണ് വീണ്ടും മാറ്റിച്ചൊല്ലാൻ ആവശ്യപ്പെട്ടതെന്ന് വരണാധികാരി മാധ്യമങ്ങളോട് പറഞ്ഞു. ചട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കണ്ണൂർ കോർപ്പറേഷനിൽ ബിജെപിയുടെ കൗൺസിലർമാർ സ്വാമി അയ്യപ്പന്റെയും മറ്റ് ഹിന്ദുദൈവങ്ങളുടെയും പേരിൽ പ്രതിജ്ഞയെടുത്തു. ഒരു കോൺഗ്രസ് കൗൺസിലർ ശ്രീനാരായണഗുരുവിന്റെയും പേരിൽ പ്രതിജ്ഞയെടുത്തു.
കൊക്കേൻപാറയിലെ ബിജെപി കൗൺസിലർ പി. മഹേഷാണ് സ്വാമി അയ്യപ്പന്റെ പേരിൽ പ്രതിജ്ഞയെടുത്തത്. തുളിച്ചേരിയിലെ എ.കെ. മജേഷ്, ശ്രീരാമചന്ദ്രന്റെ പേരിൽ പ്രതിജ്ഞയെടുത്തു.
തളാപ്പ് ഡിവിഷനിൽ നിന്നുള്ള അർച്ചനാ വണ്ടിച്ചാൽ തളാപ്പ് സുന്ദരേശ്വര നാമത്തിലായിരുന്നു പ്രതിജ്ഞയെടുത്തത്. തളാപ്പിൽ ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രം ഉൾപ്പെടുന്ന ഡിവിഷനിലാണ് അർച്ചന വിജയിച്ചത്.
പള്ളിക്കുന്ന് ഡിവിഷനിലെ ദീപ്തി വിനോദ്, പള്ളിക്കുന്ന് മൂകാംബികദേവിയുടെ പേരിൽ പ്രതിജ്ഞയെടുത്തു. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം ഈ ഡിവിഷനിലാണ്. താളിക്കാവ് ഡിവിഷനിൽനിന്ന് ജയിച്ച അജിത്ത് പാറക്കണ്ടിയാണ് ശ്രീനാരായണഗുരുവിന്റെ പേരിൽ പ്രതിജ്ഞയെടുത്തത്. മുസ്ലിം ലീഗ്, എസ്ഡിപിഐ കൗൺസിലർമാരെല്ലാം അല്ലാഹുവിന്റെ പേരിൽ പ്രതിജ്ഞയെടുത്തു.
കോട്ടയം നഗരസഭയിൽ 35-ാം വാർഡിൽനിന്നുള്ള ബിജെപി കൗൺസിലർ കെ. ശങ്കരൻ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ നടത്തി ശ്രദ്ധ നേടി. ഇത്തവണ ഇലക്ഷനിൽ പോസ്റ്ററുകളും മറ്റ് പ്രചാരണങ്ങളുമില്ലാതെയാണ് ശങ്കരൻ മത്സരിക്കാനിറങ്ങിയത്. ഇത് മൂന്നാംതവണയാണ് ശങ്കരൻ കൗൺസിലിലെത്തുന്നത്. അതേപോലെ വലത് കൈയിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് കോൺഗ്രസ്സ് കൗൺസിലർ അഡ്വ. ടോം കോര സത്യപ്രതിജ്ഞ ചൊല്ലി വ്യത്യസ്തനായി. കോട്ടയം അയ്മനം പഞ്ചായത്തിൽ അധികാരമേൽക്കുന്ന കണ്ണാടി ദേവകി അന്തർജനവും സംസ്കൃതത്തിൽ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്ത്
തിരുവനന്തപുരത്ത് കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശരണമന്ത്രവും ബിജെപി മുദ്രാവാക്യവും വിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി കരമന അജിത് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ.ശ്രീലേഖ ഇറങ്ങിയത്.
അതേപോലെ തിരുബവാനന്തപുരത്ത് സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയത് തർക്കത്തിന് വഴിയൊരുക്കി. ‘പരമപവിത്രം’ എന്ന് തുടങ്ങുന്ന ഗാനമാണ് ബിജെപി പ്രവർത്തകർ പാടിയത്. ഇവർ ഹാളിൽ വച്ച് ഭാരതാംബയ്ക്ക് ജയ് വിളിക്കുകയും ചെയ്തു.












