ലൈംഗിക അതിക്രമ പരാതികൾ ഗൗരവതരമായി പരിഗണിക്കണം; ഇടതുപക്ഷം ആണെന്ന ഒരിളവും കുഞ്ഞുമുഹമ്മദിന് കിട്ടരുത്
I F F K ജൂറി ചെയർമാൻ ആയ പി ടി കുഞ്ഞു മുഹമ്മദിനെതിരെ ഉയർന്ന പീഡന പരാതി എങ്ങുമെത്താതെ നിൽക്കുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട് എങ്കിലും, അത് ഈ പരാതി കാരണം ആണെന്ന ഒരു തോന്നൽ വരുന്നില്ല. പകരം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിക്കാനാണ് പലരും ശ്രമിക്കുന്നത്.
ലൈംഗിക കുറ്റവാളികൾ ഒരു തരത്തിലുമുള്ള അനുകമ്പ അർഹിക്കുന്നില്ല. അവരെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും തെറ്റ് തന്നെയാണ്.
ഫിലിം ഫെസ്റ്റിവലിന്റെ സ്ക്രീനിംഗ് സംബന്ധമായ കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് ജൂറി ചെയർമാൻ പി ടി കുഞ്ഞു മുഹമ്മദ് ചലച്ചിത്ര പ്രവർത്തകയായ സ്ത്രീയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ റൂമിലെത്തിയപ്പോൾ കടന്നുപിടിക്കുകയുമായിരു എന്നാണ് പരാതി.
എന്നാൽ ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കേസെടുക്കാൻ വൈകിയെന്നാണ് ആക്ഷേപം. നവംബര്‍ 27ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച പരാതി ഡിസംബർ രണ്ടിനാണ് കന്റോൺമന്റെ് പൊലീസിനു കൈമാറിയത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുന്നത് വീണ്ടും അഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ്.
ഡിസംബര്‍ എട്ടിനാണ് ബി.എന്‍എസ് 74, 75 (1) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അതായത് പരാതി ലഭിച്ച് 12 ദിവസം കഴിഞ്ഞാണ് സ്ത്രീത്വത്തെ അപമാനിച്ച പരാതിയിൽ കേസെടുത്തത്.
കുഞ്ഞുമുഹമ്മദ് ഇടതു സഹയാത്രികൻ ആയത് കൊണ്ടാണ് നടപടിയെടുക്കാൻ വൈകിയതെന്ന ആരോപണം ഒരു വശത്ത് ഉയരുന്നുണ്ട്. അതുപോലെ കേസെടുക്കേണ്ട എന്ന്, കന്റോൺമെന്റ് പൊലീസിന് നിർദേശം ലഭിച്ചിരുന്നതായും ആക്ഷേപവുമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ കാട്ടിയ തിടുക്കവും ജാഗ്രതയും ഈ വിഷയത്തിൽ ഉണ്ടായില്ലെന്ന ആരോപണം ശക്തമാണ്.
എന്നാൽ, മെയിൽ വഴിയാണ് പരാതി ലഭിച്ചതെന്നും തന്റെ ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസിന് കൈമാറിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, താൻ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും പി.ടി. കുഞ്ഞു മുഹമ്മദ് പ്രതികരിച്ചു. തനിക്കെതിരെ മുമ്പോരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും അവരോട് മാപ്പ് പറയാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു കഴിഞ്ഞു. പരാതിയിൽ പറയുന്ന സമയത്ത് പി ടി കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു അവിടം വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ. അതിന് ശേഷം എന്താണ് നടപടികൾ സ്വീകരിക്കാത്തത് എന്നാണ് ചോദ്യം. പി ടി കുഞ്ഞു മുഹമ്മദിനെ ഇതുവരെ പോലീസ് ചോദ്യം ചെയ്യുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
അദ്ദേഹത്തെ ചാടിക്കേറി ശിക്ഷിക്കണം എന്നല്ല, മുൻ ഇടതുപക്ഷ എം എൽ എ ആയത് കൊണ്ടോ, ഇടത് സഹയാത്രികൻ ആയത് കൊണ്ടോ യാതൊരു പ്രിവിലേജുമ അദ്ദേഹത്തിന് നൽകരുത്. ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ചെയർമാൻ ആയാലും പീഡന പരാതികളിൽ നിന്നും മാറ്റി നിർത്തേണ്ട യാതൊരു കാര്യവുമില്ല. അന്വേഷണം പെട്ടെന്ന് നടക്കണം. അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ അതും ഈ ലോകം പെട്ടെന്ന് തന്നെ അറിയണം.












