പൊലീസിനായി ക്യാപ്സൂൾ ഇറക്കി സിപിഎം നേതാവ്; കസ്റ്റഡി മർദ്ദനത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന മർദ്ദനങ്ങളെ വല്ലാതങ്ങ് ന്യായീകരിക്കുകയാണ്
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സുജിത്ത് പോലീസുകാരെ മര്‍ദിച്ചെന്നും, അങ്ങനെയുള്ള ഒരാൾക്ക് പോലീസുകാര്‍ ബിരിയാണി വാങ്ങി നല്‍കുമോ എന്നുമാണ് സഖാവ് അബ്ദുൽഖാദർ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ ഏതോ കാലത്ത് നടന്ന പോലീസ് അതിക്രമമാണ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളാണ് ഉള്ളതെന്നുമാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചത്.
സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പോലീസ് ജീപ്പിലുള്ളവരെ ബലമായി പിടിച്ച് ഇറക്കി. എസ്ഐയും പോലീസും അത് തടഞ്ഞപ്പോൾ, ഇയാൾ എസ് ഐ യെയും പോലീസിനെയും മർദ്ദിച്ചു. ആ മർദനത്തിൽ എസ് ഐയുടെ വച്ച് നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസുകാർ എത്തിയാണ് ഈ സുജിത്ത് എന്ന ഭീകരനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്;; – ഇതാണ് സഖാവ് അബ്ദുള്‍ഖാദര്‍ പറയുന്നത്.
ഇത് മാത്രമല്ല മറ്റ് പതിനൊന്ന് കേസിലെ പ്രതി കൂടിയാണ് സുജിത്ത്. അപ്പോൾ അവര്‍ കൊണ്ടുപോയിട്ട് ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് വിചാരിക്കുന്നത് ശരിയാണോ എന്നും അബ്ദുൾഖാദർ ചോദിക്കുന്നുണ്ട്.
എന്നാൽ സുജിത്ത് ആ സമയത്ത് പോലീസിനെ മര്ദിച്ചതായോ മദ്യപിച്ചിരുന്നതായോ പോലീസ് നടത്തിയ അന്വേഷണത്തില്‍പോലും കണ്ടെത്തിയിരുന്നില്ല. അതിനിടെയാണ് ഇത്തരമൊരു വാദവുമായി സിപിഎം ജില്ലാ സെക്രട്ടറി രംഗത്ത് വരുന്നത്.
പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത് സ്വാഭാവികമായ പ്രതികരണമാണ്. ഒറ്റപ്പെട്ടത് ആണെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നൊരു സമ്മതവും ആ പ്രസ്താവനയിലുണ്ട്. എന്നാൽ സഖാവ് അബ്ദുൽ കാദർ വളരെ മികച്ച ക്യാപ്സൂൾ ആണിപ്പോൾ ഇറക്കിയിരിക്കുന്നത്.
അബ്ദുൽഖാദർ പറഞ്ഞത് പോലെ ആ എസ് ഐയെയും, കൂടെയുള്ള പോലീസുകാരെയും സുജിത് അടിച്ച് വീഴ്ത്തിയെങ്കിൽ അതിൽ കേസൊന്നും ഉണ്ടാവില്ലേ? സഖാവ് ഇങ്ങനെയൊക്കെ പറയുന്നത് സത്യത്തിൽ ആ പോലീസുകാർക്ക് കൂടി അപമാനമാണ്. യൂണിഫോമിൽ നിൽക്കുന്ന പൊലീസുകാർ ഒരാളുടെ കയ്യിൽ നിന്നും തല്ല് കൊള്ളുക എന്നത് പോലീസ് സേനക്കും അങ്ങേയറ്റം അപമാനകരമാണ്.
നിയമ സഭയിൽ റോജി എം. ജോൺ പോലീസ് അതിക്രമത്തെ കുറിച്ച് അവതരിപ്പിച്ച അടിയന്തിരപ്രമേയത്തെ കുറിച്ച് ചർച്ച നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ രേഖാ മൂലം നൽകിയ മറുപടികളിൽ ഒന്ന് സുജിത്തിനെതിരെ 11 ക്രിമിനൽ കേസ് ഉണ്ടെന്നാണ്.
ഏത് രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൾക്ക് എതിരെ ചുരുങ്ങിയത് പത്തോ പതിനഞ്ചോ കേസുകൾ എങ്കിലും ഉണ്ടാകും. അത് രാഷ്ട്രീയ പ്രവർത്തകർ നേരിടുന്ന കേസുകൾ ആണ്.
പിണറായി വിജയൻ 2021 ഇൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ അഫിഡവിറ്റിൽ പറയുന്നത് പത്തോളം കേസുകൾ ഉള്ള ആളാണ് താനെന്നാണ്. വിശ്വാസ വഞ്ചന, ചതി, വ്യാജ രേഖ ഉണ്ടാക്കൽ തുടങ്ങിയവയൊക്കെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ചാർജ് ചെയ്ത കേസുകൾ ആണ്. വാടിക്കൽ രാമകൃഷ്ണൻ എന്ന പഴയ ജനസംഘത്തിന്റെ നേതാവിനെ വെട്ടി കൊന്ന കേസിലും പിണറായി വിജയൻ പ്രതിയായിരുന്നു. രാഷ്ട്രീയത്തിൽ ഉള്ളവർക്ക് കേസുകൾ ഉണ്ടാകുക എന്നതും സ്വാഭാവികമാണ്.
അമിതമായി പ്രതിരോധിക്കാതെ, സത്യത്തെ തിരിച്ചറിഞ്ഞ്, തെറ്റുകൾ പറ്റിയെങ്കിൽ, അത് തിരുത്തി മുന്നോട്ട് പോകുക എന്നതാണ് ഒരു ജനകീയ സർക്കാർ ചെയ്യേണ്ടത്. പോലീസിനെ വെളുപ്പിക്കുന്ന ഇത്തരം ന്യായീകരണങ്ങളുമായി ചെറിയ നേതാക്കളോ സൈബർ പോരാളികളോ ഇറങ്ങുന്നത് പോലും പാർട്ടിക്ക് ദോഷമേ ഉണ്ടാക്കൂ എന്ന് തിരിച്ചറിയുക.