ശശികല ടീച്ചറൊക്കെ ഇനി എന്തിനാണ് സംഘത്തിൽ നിൽക്കുന്നത് ?? വിഷം തുപ്പുന്ന യന്ത്രമല്ല, അത് ഉണ്ടാക്കുന്ന ഫാക്ടറി തന്നെയായി മാറുകയാണ് ആർ ശ്രീലേഖ
റാപ്പർ വേടനെതിരെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ, ആ പാട്ടിൽ ഇല്ലാത്ത ഒരു വാക്ക് കൂട്ടിച്ചേർത്ത് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. റാപ്പർ വേടന് സംസ്ഥാന സർക്കാർ നൽകിയ അവാർഡിനെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പിലാണ്, ഇല്ലാത്ത ഒരു വാക്ക് കൂട്ടിച്ചേർത്ത് ശ്രീലേഖ വിദ്വേഷം പ്രചരിപ്പിക്കുന്നത്.
പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചുള്ള വിമർശനമാണ് ഈ ഗാനത്തിന് അവാർഡ് നേടിക്കൊടുത്തതെന്ന രീതിയിലായിരുന്നു ശ്രീലേഖയുടെ ഈ പദ പ്രയോഗം.
വേടൻ്റെ പ്രശസ്തമായ ‘വോയ്സ് ഓഫ് വോയ്സ്ലെസ്സ് ‘ എന്ന പാട്ടിലെ വരികളാണ് ശ്രീലേഖ ഉദ്ധരിച്ചത്. എന്നാൽ യഥാർത്ഥ ഗാനത്തിലെ വരികൾക്കിടെ അതിലില്ലാത്ത ‘മോദി’ എന്ന വാക്ക് ശ്രീലേഖ സ്വന്തമായി കൂട്ടിച്ചേർക്കുകയായിരുന്നു.
അങ്ങനെ ആ പാട്ട് പ്രധാനമന്ത്രിക്കെതിരെ എഴുതിയതാണെന്നും അതുകൊണ്ട് സർക്കാർ വേടന് അവാർഡ് നൽകി എന്നുമാണ് ഇവർ പറയുന്നത്. വേടൻ എഴുതിയ യഥാർത്ഥ പാട്ടിന്റെ വരികളിൽ ഇങ്ങനെയൊരു വരിയില്ല.
‘മോദി കപട ദേശവാദി, നാട്ടിൽ മത ജാതി വ്യാധി ഈ തലവനില്ല ആധി, നാട് ചുറ്റാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിൽ നാട്, പാതി വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!”, എന്ന് വേടന്റെ പാട്ടിൽ ഉണ്ടെന്നാണ് ശ്രീലേഖയുടെ പോസ്റ്റിൽ പറയുന്നത്. എന്നാൽ വേടന്റെ പാട്ടിൽ മോദിയെന്ന വാക്കില്ല.
ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇപ്പോൾ മനസ്സിലായി! വേടന് കമ്മ്യൂണിസ്റ്റ് സർക്കാർ അവാർഡ് നൽകിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു… പിന്നെ അവർ ഈ മോഡി എന്ന് സ്വയം കൂട്ടിച്ചേർത്ത വരികൾ എടുത്ത് പറയുന്നു.
3 സ്ത്രീകൾ അവനെതിരെ പീഡനത്തിന് കൊടുത്ത കേസുകളും ഫോറെസ്റ്റ് act പ്രകാരം എടുത്ത പുലിനഖ കേസും, കഞ്ചാവ് കേസും ഒക്കെ freezer ൽ ആയതും ഇത് കാരണം തന്നെയാവണം. എന്നാണ് ഈ ഐപിഎസ് മാഡം പറയുന്നത്.
എന്തായാലും അയാളുടെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികൾക്ക്? എന്നൊരു ചോദ്യവും ചോദിച്ചാണ് ഈ നിന്ദ്യമായ പോസ്റ്റ് അവർ അവസാനിപ്പിക്കുന്നത്.
ആ പോസ്റ്റിൽ പലരും പറയുന്ന ഒരു കാര്യം നോക്കാം. വേടൻ എഴുതിയ കപട ദേശവാദി, നാട്ടിൽ മത ജാതി വ്യാധി, ഈ തലവനില്ല ആധി, നാട് ചുറ്റാൻ നിന്റെ നികുതി, വാൾ എടുത്തവന്റെ കയ്യിൽ നാട് എന്നൊക്കെ. ഇത് ആരാണെന്ന് വേടൻ പറയുന്നുമില്ല.
കുറെ നാൾ പോലീസിൽ ആയത് കൊണ്ട്, അവിടുന്ന് കിട്ടിയ അന്വേഷണ ബുദ്ധി വെച്ച് ഐപിഎസ് മാഡം ഒന്ന് ആലോചിച്ച് നോക്കി, ഈ പറഞ്ഞ ആളെ കണ്ടെത്താൻ നോക്കി. അങ്ങനെ മാടത്തിന് കിട്ടിയ ആ പേരാണ് മോദി എന്നത്. അത് ആ പാട്ടിനോട് ചേർത്ത് വെച്ച് അവർ സ്വയം പുളകം കൊള്ളൂകയും ചെയ്തു. ഒപ്പം വേടനെയും സംസ്ഥാന സർക്കാരിനെയും ഒന്ന് പരിഹസിക്കാനും കഴിഞ്ഞു.
ഇങ്ങനെ പച്ചക്കള്ളം പറയുന്ന ഒരാൾ പോലീസിന്റെ തലപ്പത്ത് ഒക്കെ ഇരുന്നപ്പോൾ ഈ നാട്ടിൽ എന്തൊക്കെ നടന്നിട്ടുണ്ടാകണം.. കൊട്ടേഷൻ റേപ്പ് കേസിൽ ജയിലിൽ കിടക്കുന്ന സിനിമ നടനെ കാണാൻ പോയി ഭക്ഷണവും , മറ്റ് സൗകര്യവും ഒകെ ഒരുക്കി കൊടുത്ത ആൾ കൂടിയാണ് മാഡം.
വല്ലാത്തൊരു ടൈപ്പ് മനുഷ്യസ്നേഹമാണ് ഈ ഐപിഎസ് മാഡത്തിന്. ഇല്ലാത്ത വരികൾ ഉണ്ടാക്കി കുത്തിക്കയറ്റിയ ഇവർ, ഇല്ലാത്ത എത്രയോ തെളിവുകൾ ഉണ്ടാക്കി, എത്രയോ നിരപരാധികളുടെ ജീവിതം തകർത്ത് കാണും…
ശശികല ടീച്ചർ ഇല്ലെങ്കിൽ വിഷം തുപ്പാനുള്ള യന്ത്രം ഇനി എവിടുന്നു കൊണ്ടുവരും എന്ന് ആലോചിച്ച്, വിഷമിച്ചിരുന്ന സംഘപരിവാർ അനുയായികൾക്ക് ഇപ്പോൾ ആശ്വാസ്സം ആയിട്ടുണ്ടാകും. വിഷം തുപ്പുന്ന ഒരു മെഷീനല്ല, അത് ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി തന്ന്നെ അവർ സ്വന്തമായി നേടിയിരിക്കുന്നു. തികച്ചും അഭിമാനകരമായ ഒരു നേട്ടം തന്നെ ആണിത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, വേടൻ എഴുതാത്ത വരികൾ കൂടി ചേർത്ത്, ഈ രാജ്യത്തിൻറെ പ്രധാനമന്ത്രിയെ ഒരു സ്ത്രീ ഇത്രക്ക് മോശമായ രീതിയിൽ അപമാനിച്ചിട്ടും ആർക്കും ഒരു പരാതിയും ഇല്ലാ എന്നതാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ വർഗ്ഗീയ വാദി എന്ന് വിളിച്ച് അപമാനിച്ച മുൻ DGP ആയ ഈ ഐപിഎസ് കാരിക്കെതിരെ ഒരൊറ്റ BJP കാരൻ പോലും പ്രതികരിക്കാത്തത് എന്ത് കൊണ്ടാണ്.
വേടൻ പറയാത്ത ഒരു കാര്യം ഈ മാഡം പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണോ?? യഥാർത്ഥ ദേശസ്നേഹികൾ ഇവർക്ക് എതിരെയാണ് നില കൊള്ളേണ്ടത്, ഇവർക്ക് എതിരെയാണ് നമ്മുടെ പ്രധാനമന്ത്രിയെ അപമാനിച്ചതിന് നിയമപരമായി പരാതി നൽകേണ്ടത്.
എന്തായാലും ആ പാട്ടിൽ ഇല്ലാത്ത വാക്ക്, മോദി എന്ന ഒരു പേരെടുത്ത് പറഞ്ഞ്, ആയ പാട്ടിലെ വരികൾ ശരിക്ക് മനസിലാകാത്ത സംഘ മിത്രങ്ങൾക്ക് കൂടി, അത് മനസിലാക്കി കൊടുത്തതിനു മാഡത്തിന് നന്ദി രേഖപ്പെടുത്തുന്നു. മാഡം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണെന്ന കാര്യവും അതോടൊപ്പം സ്മരിക്കുന്നു.













