ബഹ്റൈനിൽ 169 ഡെലിവറി വാഹനങ്ങൾ പിടിച്ചെടുത്തു
റോഡ് നിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ച ഡെലിവറി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 169 ഡെലിവറി വാഹനങ്ങൾ പിടിച്ചെടുത്തു. രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിലാണ് ഈ വാഹനങ്ങൾ പിടിച്ചെടുത്തത് എന്ന് അധികൃതർ വ്യക്തമാക്കി.
വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുക, ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, ലൈൻ അച്ചടക്കം പാലിക്കാതിരിക്കുക, അശ്രദ്ധമായ ഡ്രൈവിങ് എന്നീ നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബഹ്റൈൻ സിവിൽ ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥർ അറിയിച്ചു.










