ട്രാഫിക് നിയമലംഘകരെ കണ്ടെത്താൻ പുതിയ മാർഗവുമായി ദുബൈ പൊലീസ്

ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുതിയ മാർഗവുമായി ദുബൈ പൊലീസ് എത്തി. ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിന് മനുഷ്യ ഇടപെടലില്ലാതെ തന്നെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ കഴിയും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ‘ജൈടെക്സ്’ മേളയിലാണ് ഈ സിസ്റ്റം പൊലീസ് അവതരിപ്പിച്ചത്.
പ്രധാനമായും അഞ്ച് നിയമലംഘനങ്ങൾ ഈ സംവിധാനം വഴി കണ്ടെത്താൻ സാധിക്കും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക,സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, റോഡിന് നടുവിൽ വാഹനം നിർത്തുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ സിസ്റ്റം പ്രധാനമായും കണ്ടെത്തുന്നത്.
ഇത് പൊലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകരമാകുമെന്ന് ലഫ്. എൻജിനീയർ അഹ്മദ് അൽ ഹമ്മാദി പറഞ്ഞു.