വായുവിലൂടെ പറന്നുപൊങ്ങിയും താഴ്ന്ന് വന്നും “പറക്കും ഡോൾഫിൻ“: യുഎഇ ഫ്യൂച്ചർ മ്യൂസിയത്തിലെ വിസ്മയക്കാഴ്ച
വെള്ളത്തിലൂടെ ഊളിയിടുന്നതുപോലെ വായുവിൽ ഉയർന്നുപൊങ്ങുകയും താഴ്ന്ന് പറക്കുകയും ചെയ്യുന്ന ഒരു ഡോൾഫിൻ. യുഎഇയിലെ പുതിയ ആകർഷണമായ ഫ്യൂച്ചർ മ്യൂസിയത്തിലാണ് ഈ വിസ്മയക്കാഴ്ച സന്ദർശകരുടെ മനം കവരുകന്നത് (Flying Dolphin in Dubai Future Museum).
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുകം തോന്നുന്ന രീതിയിൽ ആകാശത്തു കൂടെ ചിറകടിച്ച് ഒഴുകി നടക്കുകയാണ് ഈ യന്ത്ര ഡോൾഫിൻ. യഥാർഥ ഡോൾഫിനുകളെപ്പോലെ കൈകൾ ഉപയോഗിച്ചു വെള്ളത്തിൽ നീന്തിപ്പോകുന്ന പ്രതീതിയാണ് ഈ ഡോൾഫിൻ മാതൃകയും സൃഷ്ടിക്കുന്നത്.
ജർമൻ കമ്പനിയായ ഫെസ്റ്റോയുടെ ജിയോട്രോണിക്സ് വിഭാഗമാണ് ഇത് നിർമിച്ചത്. ഒരുകിലോയിൽ താഴെ മാത്രം ഭാരമുള്ള ഹീലിയം വാതകം നിറച്ച യന്ത്ര ബലൂൺ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചാണു പ്രവർത്തിപ്പിക്കുന്നത്.
തീരെ ഭാരമില്ലാത്ത പേപ്പർപോലുള്ള വസ്തു കൊണ്ടാണു തുഴക്കൈകളും നിർമിച്ചിരിക്കുന്നത്. ഒരു സമയം 20 മിനിറ്റു വരെ പറന്നു നടക്കാൻ ശേഷിയുണ്ടെങ്കിലും പത്തു മിനിറ്റു വീതമാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. വിദൂരത്തിരുന്ന റിമോട്ടിൽ പ്രവർത്തിപ്പിക്കുന്നതിനാൽ വെറുതേ ആകാശത്ത് ഒഴുകി നടക്കുന്ന ഡോൾഫിനെ കണ്ട് അന്തംവിടുകയാണ് സന്ദർശകരും. കമ്പനിക്ക് ഇതു പോലെ മൂന്നു ഡോൾഫിനുകളാണ് ഫ്യൂച്ചർ മ്യൂസിയത്തിലുള്ളത്.