മക്കയ്ക്ക് പുറത്ത് ഇതാദ്യമായി, വിശുദ്ധ കഅബയുടെ കിസ്വ പ്രദർശനത്തിന് വെച്ചു

വിശുദ്ധ കഅബയുടെ ആവരണമായ കിസ്വ ജിദ്ദയിൽ പൊതു ദർശനത്തിന് വെച്ചു. ഇതാദ്യമായാണ് മക്കയ്ക്ക് പുറത്തുള്ള ഒരു നഗരത്തിൽ കിസ്വ പ്രദർശനത്തിനായി വെക്കുന്നത്. സൗദി അറേബ്യയുടെ ഇസ്ലാമിക് ആർട്സ് ബിനാലെ 2025 ലാണ് കിസ്വയുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. മക്കയിലെ വിശുദ്ധ കഅബയെ അലങ്കരിക്കുന്ന കിസ്വയുടെ സങ്കീർണ്ണമായ നെയ്ത്തും എംബ്രോയിഡറിയും ആസ്വദിക്കാൻ ഈ പ്രദർശനത്തിലൂടെ സന്ദർശകർക്ക് കഴിയും. ദിരിയ ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഇസ്ലാമിക് ആർട്സ് ബിനാലെ മെയ് 25 വരെ തുടരും. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെസ്റ്റേൺ ഹജ്ജ് ടെർമിനലിലാണ് ഇത് നടക്കുന്നത്.
കിംഗ് അബ്ദുൽ അസീസ് കോംപ്ലക്സിലാണ് കിസ്വ നിർമ്മിക്കുന്നത്. ഇവിടെ 1927 മുതൽ വിശുദ്ധ കഅബയ്ക്കായി അലങ്കാര എംബ്രോയിഡറി വസ്ത്രങ്ങൾ നിർമ്മിച്ചുവരുന്നു. 200ലധികം കരകൗശല വിദഗ്ധർ ചേർന്ന് പട്ട്, സ്വർണ്ണം, വെള്ളി നൂലുകൾ ഉപയോഗിച്ചാണ് കിസ്വ നിർമിച്ചെടുക്കുന്നത്. 1000 കിലോഗ്രാം ഭാരമുള്ള കറുത്ത നിറത്തിലുള്ള തുണിയാണ് ഇത് നെയ്യാൻ ഉപയോഗിക്കുന്നത്. 120 കിലോഗ്രാമോളം സ്വർണ നൂലുകളും നൂറ് കിലോഗ്രാമോളം വെള്ളി നൂലുകളും നെയ്തെടുക്കാൻ ഉപയോഗിക്കാറുണ്ട്. വ്യത്യസ്തമായ ലിഖിതങ്ങളും അലങ്കാരങ്ങളുമുള്ള വിശുദ്ധ കഅബയുടെ കിസ്വ ഇസ്ലാമിക കലകളിലെ ഏറ്റവും ഉയർന്ന സൃഷ്ടിയായാണ് കണക്കാക്കപ്പെടുന്നത്.