വിസ നിയമത്തില്‍ മാറ്റം വരുത്തി ഗള്‍ഫ് രാജ്യം, തള്ളിയത് 1165 അപേക്ഷകള്‍

കുവൈത്തിലേ പരിഷ്കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ 1165 ഫാമിലി വിസ അപേക്ഷകള്‍ തള്ളി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ്.
ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്ത് എത്തിക്കാൻ സമർപ്പിച്ചവരുടെ അപേക്ഷയാണ് അധികൃതർ തളളിയത്. ജീവിത പങ്കാളി, 14 വയസിന് താഴെയുള്ള മക്കള്‍ എന്നിവർക്ക് മാത്രമാണ് ഫാമിലി വിസയില്‍ രാജ്യത്ത് പ്രവേശനമുള്ളുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മതാപിതാക്കളെയും സഹോദരങ്ങളെയും കുവൈത്തിലേക്ക് കൊണ്ടുവരാൻ പ്രവാസികള്‍ക്ക് ഇനി സാധിക്കില്ല. മതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷയാണ് കഴിഞ്ഞ ദിവസം മന്ത്രാലയം തള്ളിയത്. ഇത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്.
പങ്കാളികളെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസ അപേക്ഷയില്‍ വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകള്‍ അതത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകള്‍ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ബിരുദവും 800 ദിനാർ ശമ്ബളവും ബിരുദത്തിന് അനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികള്‍ക്ക് മാത്രം ഫാമിലി വിസ നല്കിയാല് മതിയെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.