പ്രതികാരമായി നിമിഷപ്രിയയുടെ മരണം തന്നെ ആവശ്യപ്പെടുന്ന തലാലിൻറെ സഹോദരൻ; പിരിവ് നടത്തി സാമുവൽ ജെറോം ലക്ഷങ്ങൾ അടിച്ച് മാറ്റിയെന്നും ആരോപണം

വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ വീണ്ടും തടസ്സങ്ങളാണ് കടന്നുവരുന്നത്. താല്‍ക്കാലികമായി വധശിക്ഷ സ്റ്റേ ചെയ്തെങ്കിലും തലാലിന്റെ കുടുംബം മാപ്പു നല്കാന് തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ തുടരവെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദു മഹ്ദി ദിവസം ചെല്ലുംതോറും തൻറെ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ്. സഹോദരന്റെ ഖബറിടം സന്ദര്‍ശിച്ച ചിത്രം, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ട്, താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
സമയമെടുത്താലും ദൈവം വാഗ്ദാനം ചെയ്ത വിജയം ലഭിക്കുക തന്നെ ചെയ്യും എന്ന് സഹോദരന് അബ്ദുല്‍ഫത്താഹ് മഹ്ദി ആ ചിത്രത്തിനൊപ്പം എഴുതിയിട്ടുണ്ട്. നിങ്ങള്‍ രക്തത്തിന് പ്രതികാരം ചോദിക്കുന്നവനാണെങ്കില്‍, അതാണ് നിങ്ങളുടെ വിധി, കുറച്ചു സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്ദത്ത വിധി ആണത്’. ”അക്രമത്തിന് ഇരയായതിന് ശേഷം, ആരെങ്കിലും സ്വയം പ്രതിരോധിച്ചാല്‍ – അവര്‍ക്കെതിരെ കുറ്റമില്ല” എന്ന് ഖുര്‍ആന്‍ പറയുന്നു. കാരുണ്യത്തിന്റെ മേഘങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പൊതിയട്ടെ -എന്നാണ് തലോലിന്റെ സഹോദരന് കുറിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ, അതല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ലെന്ന് നേരത്തെയും സഹോദരന് വ്യക്തമായി തന്നെ പറഞ്ഞിരുന്നു. അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നീതി കേസില്‍ നടപ്പാക്കണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ലെന്നും തലാലിന്റെ സഹോദരന് മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും പറഞ്ഞിരുന്നു.
നിമിഷപ്രിയ കേസില്‍ സാമുവല്‍ ജെറോമിന്റെ അവകാശവാദങ്ങള്‍ തള്ളികൊണ്ടും മഹ്ദി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സാമുവലിനെതിരെ മഹ്ദി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ കാലങ്ങളായി സാമുവല്‍ ജെറോമിന് എതിരെ ഉന്നയിക്കുന്ന സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്നത് കൂടിയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പോസ്റ്റ്.
കേസിലെ അഭിഭാഷകന് എന്ന പേരിലായിരുന്നു സാമുവല്‍ ജെറോം മലയാളം മാധ്യമങ്ങളിലും ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. എന്നാല്‍ സാമുവല്‍ ജെറോം അഭിഭാഷകന് അല്ലെന്നും പ്രതിയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആള് മാത്രമാണെന്നും അബ്ദുൽ ഫതാഹ് പറയുന്നു. ഈ കേസില്‍ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും സാമുവൽ നടത്തിയിട്ടില്ലെന്നും, ഇന്നേവരെ ഒരു മധ്യസ്ഥ ചര്‍ച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും അയച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. പ്രസിഡന്റ് വധശിക്ഷ വിധി അംഗീകരിച്ച ശേഷമാണ് സനയില്‍ വച്ച് ആദ്യമായി സാമുവലിനെ കാണുന്നതെന്നും അപ്പോള്‍ സന്തോഷവാനായ എന്നോട് അദ്ദേഹം ‘അഭിനന്ദനങ്ങള്‍’ എന്നാണ് പറഞ്ഞതെന്നും മഹ്ദി ആരോപിക്കുന്നു
മധ്യസ്ഥ ചര്‍ച്ചയ്ക്ക് എന്ന പേരില്‍ അവസാനം കൈപ്പറ്റിയ നാല്പത്തിനായിരം ഡോളര്‍ ഉള്‍പ്പെടെ അനേകം പണം സാമുവല്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും തന്റെ സഹോദരന്റെ രക്തത്തില്‍ വ്യാപാരം നടത്തുകയാണെന്നും മഹ്ദി കുറ്റപ്പെടുത്തുന്നു.
അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം പല വേദികളില്‍ നിന്നും പണം പിരിക്കുന്നു എന്നും പറയുന്നു. മധ്യസ്ഥതയുടെ പേരില്‍ ഇദ്ദേഹം ഒരിക്കല്‍ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല എന്നും, എന്നാൽ ആ പേര് പറഞ്ഞ് സാമുവൽ പണം പിരിക്കുകയാണെന്നും ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റില്‍ പറയുന്നു.
അബ്ദുള്‍ മെഹ്ദിയുടെ പോസ്റ്റിന് പിന്നാലെ സുപ്രീംകോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഉപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന് കെ ആര് രംഗത്തെത്തി. ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാല്‍ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു എന്നാണ് അദ്ദേഹം പറയുന്നത്.
ഞങ്ങള്‍ പൂര്‍ണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു ; തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു എന്നും അദ്ദേഹം പറയുന്നു. മോചനത്തിനായി സാമുവലിന് 44,000 ഡോളര്‍ നല്കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’ എന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം.